വർക്കല:വിധവയായ വീട്ടമ്മയെ അയൽവാസി മാനസികമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി വർക്കല പൊലീസിൽ പരാതി നൽകി.ചെറുന്നിയൂർ വലയന്റ് കുഴി അവിട്ടത്തിൽ സുജാതയാണ് പരാതി നൽകിയത്.സമീപവാസിയുടെ പുരയിടത്തിൽ നിന്നും മഴക്കാലത്ത് മഴവെള്ളം പുരയിടത്തിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ വീട്ടമ്മ പഞ്ചായത്തിലും പൊലീസിലും അടുത്തകാലത്ത് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായി സുജാത പത്രസമ്മേളനത്തിൽ പറഞ്ഞത്. പൊലീസിന്റെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ,ഡി.ജി.പി,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് സുജാത പറഞ്ഞു. വീട്ടമ്മയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അയൽവാസിക്കെതിരെ കേസെടുത്തതായും വർക്കല പൊലീസ് പറഞ്ഞു.