election

കിളിമാനൂർ:തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയവും പ്രകടന പത്രികാ സമർപ്പണവും സൂക്ഷ്മ നിരീക്ഷണവും കഴിഞ്ഞതോടെ നഗരൂരിൽ മൂന്ന് മുന്നണികളും തീ പാറുന്ന പോരാട്ടത്തിലായി.ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന് 25 വർഷം പിന്നിടുമ്പോൾ നഗരൂരിന്റെ രാഷ്ട്രീയ ചരിത്രത്തിന് ഒരു പ്രത്യേകതയുണ്ട്.പത്ത് വർഷം തുടർച്ചയായി ഇടതിനെ വരിച്ച പഞ്ചായത്ത് അടുത്ത അഞ്ചു വർഷം വലതുപക്ഷത്തേക്ക് മാറി.വീണ്ടും പത്ത് വർഷം ഇടത്തേക്ക് തിരിഞ്ഞു.ഇപ്രാവശ്യം ആർക്കൊപ്പമാകുമെന്ന് ഉറ്റുനോക്കുകയാണ് ഓരോ വോട്ടർമാരും.നഗരൂരിലെ തിരഞ്ഞെടുപ്പ് ഫലം കിളിമാനൂരിൽ തന്നെ ശ്രദ്ധാകേന്ദ്രമാകുകയാണ്.പതിമ്മൂന്ന് വാർഡുകൾ മാത്രമുണ്ടായിരുന്ന 1995-ൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം വരുന്നതിന് മുമ്പ് തുടർച്ചയായ ഒമ്പത് വർഷത്തോളം കോൺഗ്രസിന്റെ കുത്തകയായിരുന്നു നഗരൂർ പഞ്ചായത്ത്.നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറും ജില്ലയിലെ തന്നെ തലമുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എ.ഇബ്രാഹിം കുട്ടിയായിരുന്നു ഇക്കാലയളവിൽ പ്രസിഡന്റ് .എന്നിട്ടും 95-ലെ സ്ഥിതി 2000-ലും ആവർത്തിച്ചു.

2005-10 ൽ 16 - വാർഡുകളായി മാറിയപ്പോൾ ജനങ്ങൾ കോൺഗ്രസിന് അനുകൂലമായി ചിന്തിച്ചെങ്കിലും പാർട്ടിയിൽ ഒരുവിഭാഗത്തെ ഒപ്പം നിറുത്താനായില്ല.പഞ്ചായത്തിലെ ശ്രദ്ധാകേന്ദ്രമായ കീഴ്പേരൂർ വാർഡിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും പരാജയപ്പെടുത്തി ഡി.ഐ.സി സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസ്- 7, ഘടകകക്ഷിയായ ജെ.എസ്.എസ് - 1,സി.പി.എം-6,സി.പി. ഐ - 1,ഡി.ഐ.സി- 1 എന്നതായിരുന്നു കക്ഷിനില. ഡി.ഐ.സി ഇടതുപക്ഷത്തിനൊപ്പം നിന്നതോടെ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ എ.ഇബ്രാഹിം കുട്ടി വീണ്ടും പ്രസിഡന്റായി. 2010-ൽ 17 വാർഡുകളായി ഉയർന്നെങ്കിലും മൂന്നു സീറ്റിൽ കോൺഗ്രസ് ഒതുങ്ങി.14 സീറ്റുകൾ നേടിയാണ് എൽ. ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. 2015 ലും ജനഹിതം മറിച്ചായില്ല.സി.പി.ഐയിലെ മൂന്ന് സീറ്റടക്കം13 സീറ്റ് എൽ.ഡി.എഫ് നേടിയപ്പോൾ രണ്ട് സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങി.ബി.ജെ.പി ആദ്യമായി രണ്ട് സീറ്റുകൾ നേടി പഞ്ചായത്തിൽ കസേര ഉറപ്പിച്ചതും ശ്രദ്ധേയമായി.

പ്രസിഡന്റ് സ്ഥാനം വനിതയായ ഇക്കുറി ഭരണം നിലനിറുത്തുകയെന്ന ലക്ഷ്യം തന്നെയാണ് എൽ.ഡി.എഫിനുള്ളത്.പഞ്ചായത്ത് പ്രസിഡന്റുമായ എം.രഘുവിന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.കഴിഞ്ഞ ബ്ളോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡന്റുമായി ജി.ഹരികൃഷ്ണൻനായരാണ് എം.രഘുവിനെ നേരിടുന്നത്.മുൻ പഞ്ചായത്ത് പ്രസിഡന്റായ എ.ഇബ്രാഹിം കുട്ടിയെ നേരിടുന്നത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷാണ്.