cari

വെള്ളറട:നിരോധനം കടലാസിൽ ഒതുങ്ങിയതോടെ മലയോര മേഖലയിൽ പ്ളാസ്റ്രിക് ക്യാരിബാഗുകളുടെയും നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെയും വിപണനവും ഉപയോഗവും വ്യാപകമാകുന്നു. മുമ്പ് പരിശോധന ശക്തമായിരുന്നെങ്കിൽ കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ഇല്ലാതായതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഹോട്ടലുകളിൽ ചൂടുള്ള ഭക്ഷണം പൊതിയുന്നതിനും പാഴ്സൽ ചെയ്യുന്നതിനും ഇപ്പോഴും ഉപയോഗിക്കുന്നത് പ്ളാസ്റ്രിക് കവറുകളാണ്. മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇതാണ് അവസ്ഥ. സാധനങ്ങൾ വാങ്ങുന്ന കാരിബാഗുകളും ഭക്ഷണസാധനങ്ങൾ പൊതിഞ്ഞെത്തിക്കുന്ന പ്ളാസ്റ്റിക് ഷീറ്റുകളും വലിച്ചെറിയുന്നതും വ്യാപക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല സ്ഥലങ്ങളിലും ഇവയുടെ കൂമ്പാരമാണ് കാണാൻ സാധിക്കുന്നത്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡരികിൽ വ്യാപകമായി മാലിന്യം കൊണ്ടുവന്ന് തള്ളാറുണ്ട്. ഇതിനെത്തുടർന്ന് ഇവിടം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. പരിശോധനകളും ബോധവത്കരണവും ശക്തമാക്കിയാലേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ.

നിരോധനം ഇങ്ങനെ

11 ഇനം പ്ളാസ്റ്റിക് ഉത്പന്നങ്ങളാണ് ജനുവരി മുതൽ സംസ്ഥാനത്ത് നിരോധിച്ചത്. പ്ളാസ്റ്റിക് കാരിബാഗുകൾ, മേശയിൽ വിരിക്കുന്ന പ്ളാസ്റ്റിക് ഷീറ്റ്, തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുള്ള പ്ളേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള കപ്പുകൾ, പ്ളേറ്റുകൾ സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോൾ, ഡിഷുകൾ, സ്റ്രിറർ, പ്ലാറ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ളേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിംഗുള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ളാസ്റ്രിക് കൊടികൾ, പ്ളാസ്റ്റിക് ബണ്ടിംഗ്, പ്ളാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത ജൂസ് പായ്ക്കറുകൾ, 500 എം.എല്ലിന് താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ളാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ലക്സ് ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് നിരോധനം വന്നത്.