a-vijayaraghavan

തിരുവനന്തപുരം: പരിമിതികൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തുകയും ആശങ്കയകറ്റുകയും ചെയ്യുകയെന്ന ഉത്കൃഷ്ടമായ ജനാധിപത്യ മാതൃകയാണ് പൊലീസ് നിയമഭേദഗതി നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. അത് സദുദ്ദേശ്യപരമാണെന്നും കേസരിഹാളിൽ 'വോട്ടുകാര്യം" എന്ന മുഖാമുഖം പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഓർഡിനൻസ് കൊണ്ടുവന്നത് സി.പി.എം നേതൃത്വമറിയാതെയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി വിജയരാഘവൻ നൽകിയില്ല.

ചില സന്ദർഭങ്ങളിൽ നിയമം അനിവാര്യമായി വരും. അത് ദുർവിനിയോഗം ചെയ്യുമെന്ന സാഹചര്യം വന്നാൽ പരിശോധിക്കും. ഇത്തരം നിയമങ്ങളുടെ അനിവാര്യത വ്യക്തമാക്കുന്ന ചില കാര്യങ്ങൾ മുന്നിലുണ്ട്.

ഒരു സർക്കാർ ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുമ്പോൾ സമൂഹത്തിലെ ഉല്പതിഷ്ണുക്കൾ ആശങ്ക ചൂണ്ടിക്കാട്ടിയാൽ ആവശ്യമായ തിരുത്തൽ വരുത്തുകയെന്നത് മഹനീയ മാതൃകയാണ്. അതൊരു നല്ല മാതൃകയാണ്.

ബാർ കോഴക്കേസിൽ മുഖ്യമന്ത്രിക്കെതിരായ ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കേസുകളിൽ സർക്കാർ ഇടപെടുന്നില്ലെന്നും ആ പ്രവർത്തനരീതി മുഖ്യമന്ത്രിക്കില്ലെന്നുമായിരുന്നു പ്രതികരണം. കോഴ കൊടുത്തവരുടെ പട്ടികയിൽ ഒരു ഇടതുപക്ഷക്കാരുമില്ല. കെ.എം. മാണി ബാർ മുതലാളിമാരിൽ നിന്ന് പണം വാങ്ങിയോയെന്ന ചോദ്യത്തിന്, മാണി നിര്യാതനായി, അങ്ങനെയൊരാളുടെ ഗുണദോഷം ചർച്ച ചെയ്യാറില്ല എന്നും മറുപടി നൽകി. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട് ഇ.ഡി കണ്ടുകെട്ടുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, കേസിൽ അദ്ദേഹം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു.