വിതുര: സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊളിക്കോട് തോട്ടുമുക്ക് മുന്ന ഹൗസിൽ മുഹമ്മദ് സലീമിന്റെ മകൻ കൈഫ് മുഹമ്മദ് (21) ആണ് നദിയിലെ കയത്തിൽ മുങ്ങി മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് സംഭവം. കൈഫും സുഹൃത്തുക്കളും തോട്ടുമുക്ക് സ്വദേശികളായ നാല് പേരും ചേർന്ന് വാമനപുരം നദിയിൽ വിതുര ആനപ്പാറ പൊന്നമ്പിക്കോണം കടവിൽ കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പാറയിൽ കാൽ വഴുതി കൈഫ് കയത്തിലേക്ക് വീണു. കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിതുര പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കൈഫിനെ കണ്ടെത്താനായില്ല. വെളിച്ചകുറവ് കാരണം രാത്രിയിൽ തെരച്ചിൽ നിറുത്തിവച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഫയർഫോഴ്സിന്റെ മുങ്ങൽ വിദ്ഗ്ദ്ധ സംഘമായ സ്കൂബാ ടീം കൈഫ് വീണ ഭാഗത്ത് നിന്നും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് തൊളിക്കോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. കൈഫ് ആനിമേഷൻ കോഴ്സിന് പഠിക്കുകയാണ്. മാതാവ്: നസീറ. സഹോദരങ്ങൾ: മുന്ന മുഹമ്മദ്, കൈസ് മുഹമ്മദ്..