maranalloor

മലയിൻകീഴ്:മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ അരുവിക്കര,മാറനല്ലൂർ എന്നീ വാർഡുകളിൽ മൽസരിക്കുന്ന സഹോദരങ്ങളായ എൻ.സുനിൽകുമാറും,എൻ.ഷിബുവും ശ്രദ്ധേയമാകുന്നു.യൂത്ത് കോൺഗ്രസ് മുൻ മാറനല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽകുമാറിന് ഇക്കുറി പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്നത്.ബി.ജെ.പി.യുടെ സജീവ പ്രവർത്തകനും ഒ.രാജഗോപാൽ.എം.എൽ.എയുടെ ഡ്രൈവറുമായ ഷിബു ആദ്യമായിട്ടാണ് മൽസരിക്കുന്നത്.അരുവിക്കര ആർ.വി ഭവനിൽ നാണുക്കുട്ടന്റെയും,വസുന്ധരയുടെയും മക്കളാണ് സുനിൽകുമാറും ഷിബുവും.സംവരണ വാർഡായ മാറനല്ലൂരിൽ വിജയം ഉറപ്പെന്നാണ് സുനിൽകുമാർ അവകാശപ്പെടുന്നത്.സുനിൽകുമാറിന്റെ സഹോദരൻ എൻ.ഷിബു ജനറൽ സീറ്റായ അരുവിക്കര വാർഡിൽ ബി.ജെ.പി സീറ്റ് നൽകിയത് വിജയ പ്രതീക്ഷയിലാണ്.കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.മാറനല്ലൂർ വാർഡിൽ കോൺഗ്രസിനായിരുന്നു വിജയം.വീട്ടിലെത്തിയാൽ ഇരുവരും രാഷ്ട്രീയം പറയാറെയില്ലത്രേ.സുനിൽകുമാർ മൽസരിക്കുന്ന മാറനല്ലൂർ വാർഡിൽ ബി.ജെ.പിയ്ക്ക് സ്ഥാനാർത്ഥിയില്ല.അവരുടെ പിന്തുണയും സുനിലിനുണ്ടാകും.എന്നാൽ പരസ്യ പിന്തുണ ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല.ചുവരെഴുത്തിലും പ്രചരണത്തിലും ഇവർ വ്യത്യസ്തത പുലർത്തുന്നുണ്ട്.