വിതുര: വാമനപുരം നദിയിലെ ആനപ്പാറ പൊന്നമ്പിക്കോണം കടവിലും പരിസരത്തും അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്നു. പ്രകൃതിരമണീയമായ ഇവിടെ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. ഇതിൽ കൂടുതലും യുവാക്കളാണ്.
പൊൻമുടി അടച്ചതോടെയാണ് പൊന്നമ്പിക്കോണം മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് വർദ്ധിച്ചത്. നദിയിൽ ധാരാളം മണൽക്കയങ്ങളുണ്ട്. ഇത് തിരിച്ചറിയാനാകാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. നിരവധി യുവാക്കളുടെ ജീവനാണ് ഇത്തരത്തിൽ നഷ്ടമായത്.
അപകടം പതിയിരിക്കുന്ന ഇൗ മേഖലയിലേക്ക് പോകരുതെന്ന പൊലീസിന്റെ നിർദ്ദേശം ആരും ചെവിക്കൊള്ളാറില്ല. നദിക്ക് സമീപം ജനവാസ മേഖലയല്ലാത്തതിനാൽ അപകടം നടന്നാൽ രക്ഷാ പ്രവർത്തനവും ദുഃഷ്കരമാണ്. ഈ സാഹചര്യത്തിൽ ഇവിടെ എത്തുന്നവരെ പൊലീസ് മടക്കി അയക്കാറാണ് പതിവ്. എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് സഞ്ചാരികൾ എത്തുന്നത്. അപകടം പതിവായിട്ടും മുന്നറിയിപ്പ് പോർഡുകൾ സ്ഥാപിക്കാത്തതും പ്രധാന പ്രശ്നമാണ്.
പത്ത് വർഷം മരണം എട്ട്
ആനപ്പാറ പൊന്നമ്പിക്കോണം മേഖലയിലും പരിസരത്തും അപകടങ്ങൾ തുടർക്കഥയായിട്ട് പത്ത് വർഷമാകുന്നു. എട്ട് മരണമാണ് ഇതുവരെ സംഭവിച്ചത്. എട്ടും യുവാക്കളാണ്. ഇതിൽ ഭൂരിഭാഗവും മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. പൊന്നമ്പിക്കോണം മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് അപകടമരണങ്ങൾ പതിവായിട്ടും ഇത് തടയുന്നതിനുള്ള നടപടി മാത്രം ഇനിയും ഉണ്ടായിട്ടില്ല.