വിതുര: സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ കുളിക്കുന്നതിനിടെയുണ്ടായ കൈഫ് മുഹമ്മദിന്റെ വിയോഗം തോട്ടുമുക്കിനെ കണ്ണീരിലാഴ്‌ത്തി. പൊന്നമ്പിക്കോണം കടവിന് സമീപം കഴിഞ്ഞ ദിവസമാണ് കൈഫ് (21) മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് വാപ്പയോടും ഉമ്മയോടും പറഞ്ഞ ശേഷമാണ് കൈഫ് കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയത്. തിരികെ കാണാത്തതിനെ തുടർന്ന് നസീറ ഫോണിൽ വിളിച്ചപ്പോൾ കുളി കഴിഞ്ഞു മടങ്ങുകയാണെന്ന് പറഞ്ഞു. എന്നാൽ ഫോണിൽ സംസാരിച്ച് വരുന്നതിനിടെ കാൽ വഴുതി നദിയിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ മൃതദേഹം പുറത്തെടുത്തപ്പോൾ ഫോൺ കൈഫിന്റെ കൈയിൽ മുറുകെ പിടിച്ച നിലയിലായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ട് പിതാവ് മുഹമ്മദ് സലീം വിങ്ങിപ്പൊട്ടി. പഠനത്തിൽ മിടുക്കനായ കൈഫ് വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം ആനിമേഷൻ കോഴ്സ് പഠിക്കുകയായിരുന്നു. പിതാവ് തൊളിക്കോട് തോട്ടുമുക്ക് മുന്നാഹൗസിൽ മുഹമ്മദ് സലീം മരംമുറിപ്പ് തൊഴിലാളിയാണ്. സലീം-നസീറാ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് കൈഫ്. അടൂർ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അനുശോചിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം തൊളിക്കോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.