തിരുവനന്തപുരം: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്ന വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ കറുത്ത മാസ്ക് ധരിച്ച് ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പ്ലക്കാർഡുകൾ ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കാൽനടയായാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് ചെയർമാൻ എം.എം. ഹസൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
തുടർന്ന് സെക്രട്ടേറിയറ്റ് നടയിൽ നടന്ന സത്യാഗ്രഹം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ഓർഡിനൻസ് നടപ്പാക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫാസിസം കടന്നുവന്ന നാൾവഴികളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള മുഖ്യമന്ത്രി എങ്ങനെയാണ് ഒരു ഫാസിസ്റ്റ് നടപടിയിലേക്ക് എത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. മാർച്ചിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.