kerala-police-act

തിരുവനന്തപുരം: രാജ്യത്താകെ എതിർപ്പുയർന്നതിനു പിന്നാലെ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയേൽക്കുമെന്നും വ്യക്തമായതോടെയാണ്, പൊലീസ് നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയത്. നിയമഭേദഗതി ചോദ്യം ചെയ്തുള്ള മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സമാനമായ രണ്ട് നിയമങ്ങൾ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ സർക്കാരിന് തിരിച്ചടിയാണ്.ഭരണഘടനാ വിരുദ്ധമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നും ചൂണ്ടിക്കാട്ടി 2015ൽ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ പുതിയ രൂപത്തിലാക്കിയതാണ് ഇപ്പോഴത്തെ നിയമഭേദഗതി. ഐ.ടി നിയമത്തിലെ 66-എ വകുപ്പു നീക്കം ചെയ്യാനിടയാക്കിയ ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രം മതി പൊലീസ് നിയമഭേദഗതി റദ്ദാക്കപ്പെടാൻ.മാനനഷ്ടമോ അപകീർത്തിയോ ഉണ്ടായാൽ ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരം ഒരു വ്യക്തിക്കു മാനനഷ്ടക്കേസ് കൊടുക്കാനാവുമെന്നിരിക്കെയാണ്, ഒരാൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയാൽ അയാൾക്കോ അയാൾക്കു താത്പര്യമുള്ള മറ്റാർക്കെങ്കിലുമോ മനസിനു വിഷമമുണ്ടായാലും കേസെടുക്കാമെന്ന വിവാദ വ്യവസ്ഥയോടെ പൊലീസ് ആക്ടിൽ ഭേദഗതി കൊണ്ടുവന്നത്. പരാതിക്കാരില്ലെങ്കിലും സ്വമേധയാ പൊലീസിന് കേസെടുക്കാമെന്ന നിയമം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ദുരുപയോഗിക്കാനിടയുണ്ടെന്നും നിയമവിഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പഴയവീഞ്ഞ് പുതിയ കുപ്പിയിൽ
സുപ്രീംകോടതി റദ്ദാക്കിയ പൊലീസ് ആക്ടിലെ 118-ഡി വകുപ്പ് പുതിയ രൂപത്തിലാക്കിയതാണ് ഇപ്പോഴത്തെ നിയമഭേദഗതി. പ്രസ്താവന, അഭിപ്രായപ്രകടനം, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ-മെയിലിലൂടെയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമായിരുന്നു 118-ഡി. ഇതിനു സമാനമാണ് ഇപ്പോഴത്തെ ഭേദഗതിയും.