തിരുവനന്തപുരം: മുൻമന്ത്രിമാർക്കും എം.എൽ.എമാർക്കുമെതിരായി അറസ്റ്റും നടപടികളും പുരോഗമിക്കുന്നതിനിടെ, വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഡിസംബർ 5 വരെ അവധിയിൽ പ്രവേശിച്ചു. മൂന്നു ദിവസം മുൻപ് അവധിയെടുത്ത അദ്ദേഹം സ്വദേശമായ ചണ്ഡിഗഡിലേക്ക് പോയതായാണ് വിവരം.
പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് വിജിലൻസാണ്. കെ.എം.ഷാജിക്കെതിരായ അന്വേഷണവും നിർണായക ഘട്ടത്തിലാണ്. ഇതിനു പുറമെയാണ് സോളാർ കേസിലെ അന്വേഷണം. സോളാർ വിവാദനായികയുടെ പരാതിയിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ മാനഭംഗം, പണം കൈപ്പറ്റൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഫോണിലൂടെ ശല്യംചെയ്യൽ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.എന്നാൽ പീഡനപരാതിയിൽ തെളിവില്ലെങ്കിൽ സാമ്പത്തികതട്ടിപ്പ് കുറ്റംചുമത്തി വിജിലൻസ് കേസിന് സർക്കാർ നീക്കം നടത്തുന്നുണ്ട്. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി.ഡി.ജി.പി അനിൽകാന്ത്, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. പിന്നീട് എ.ഡി.ജി.പി ഷേഖ്ദർവേഷ് സാബിഹിനെ നിയോഗിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങി. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി എ.ഡി.ജി.പി അനിൽകാന്തും ഡി.ജി.പിയെ അറിയിച്ചിരുന്നു.