sister-abhaya

തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല, ക്രൂരമായ കൊലപാതകമാണെന്ന് ശാസ്ത്രീയ തെളിവുകളെ അവലംബിച്ച് സി.ബി.എെ സംഘം പ്രത്യേക സി.ബി.എെ കോടതിയിൽ വാദിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ രാധാകൃഷ്‌‌ണൻ, ഫോറൻസിക് വിദഗ്ദൻ ഡോ. കന്ദസ്വാമി എന്നിവരുടെ മൊഴിയെ ആധാരമാക്കിയാണിത്.

അഭയയുടെ മൂർദ്ധാവിലേറ്റ ആഴത്തിലെ മുറിവാണ് മരണ കാരണമായത്. കെെക്കോടാലി പോലെ ശക്തമായ ആയുധം കൊണ്ട് തലയ്ക്കേറ്റ അടിയിൽ തന്നെ അഭയ ബോധരഹിതയായി.തലയുടെ പുറകിലെ രണ്ട് മുറിവുകളും കിണറ്റിൽ വീഴുന്നതിന് മുൻപുണ്ടായതാണ് .അഭയയുടെ ശരീരത്തിൽ കണ്ട ഉരഞ്ഞ പാടുകൾ കിണറ്റിൽ വീണപ്പോഴുണ്ടായതാണ് . തലയ്ക്ക് മാരക ക്ഷതമേറ്റ് അർദ്ധ അബോധാവസ്ഥയിലായിരുന്ന അഭയയെ ആരോ കിണറ്റിലേയ്ക്ക് എടുത്തിടുകയായിരുന്നു. സ്വബോധത്തിൽ കിണറ്റിൽ വീണ ഒരാൾ സ്വാഭാവികമായും മരണവെപ്രാളം കാണിക്കാനുളള സാധ്യത വളരെ കൂടുതലാണ് . അത്തരം ലക്ഷണങ്ങളൊന്നും അഭയയുടെ മൃതദേഹത്തിൽ കാണാൻ കഴി‌ഞ്ഞില്ല. മരണ വെപ്രാളത്തിൽ അഭയ വളരെയധികം വെളളം കുടിക്കണമായിരുന്നു. അഭയയുടെ വയറ്റിനുളളിൽ ആകെ 300 മില്ലിലിറ്റർ വെളളമാണുണ്ടായിരുന്നത്. അതുതന്നെ അഭയ കൊല്ലപ്പെടുന്നതിന് മുൻപ് കുടിച്ച ശുദ്ധ ജലമായിരുന്നു. ഇതിൽ നിന്നെല്ലാം അർദ്ധ അബോധാവസ്ഥയിലായിരുന്ന അഭയ, കിണറ്റിലേയ്ക്ക് എടുത്തെറിഞ്ഞതു മൂലം മുങ്ങി മരിച്ചതാണെന്ന് കണ്ടെത്താനാകുമെന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി സി.ബി.എെ വാദിച്ചു. ഇന്ന് പ്രതിഭാഗം വാദം ആരംഭിക്കും.