തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനതീയതി കഴിഞ്ഞതോടെ മത്സര ചിത്രം വ്യക്തമാക്കി പോരാളികളാരെന്ന് തെളിഞ്ഞു. ഇനി വരുന്ന പതിനഞ്ചു ദിവസങ്ങൾ അങ്കം കടുക്കും. വെട്ടും തടയുമായി മുന്നണികളും സ്ഥാനാർത്ഥികളും മുന്നേറുമ്പോൾ വോട്ടർമാരിൽ നിന്നു കിട്ടുന്ന പ്രതികരണത്തിന്റെ കണക്കെടുത്തും വോട്ടിംഗ് സാദ്ധ്യത തിരിച്ചറിഞ്ഞുമാകും അടുത്ത ദിവസത്തെ പയറ്റുകൾ നിശ്ചയിക്കുക.
ഇനിയുള്ള ദിവസങ്ങൾ യുദ്ധസമാനമാണ് മുന്നണികൾക്ക്.
ഓരോ ദിവസവും നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾ എത്രമാത്രം പൂർത്തീകരിച്ചുവെന്ന് വൈകുന്നേരങ്ങളിൽ മേഖലാടിസ്ഥാനത്തിൽ പരിശോധിച്ചാകും അടുത്ത ദിവസം തുടങ്ങുക. ഉഴപ്പുന്നവരെ കണ്ടെത്താനും പകരം സംവിധാനം ഏർപ്പെടുത്താനും ഉപരികമ്മിറ്റിയിലെ ചുമതലക്കാർ നിരീക്ഷകരായി ഉണ്ടാകുകയും ചെയ്യും.
കണക്കുകൾ, കണക്കുകൾ മാത്രം
ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ചുമതലകൾ കൃത്യമായി ടൈംടേബിൾ തയ്യാറാക്കി പൂർത്തീകരിക്കുകയാണ് ഇനി ചെയ്യുന്നത്. കാണേണ്ട വോട്ടർമാരുടെ എണ്ണം, ചെന്നെത്തേണ്ട മേഖലകൾ, ദൂരസ്ഥലത്ത് താമസിക്കുന്ന വോട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കൽ, അവരുടെ ഫോൺ നമ്പർ ശേഖരിക്കൽ എന്നിങ്ങനെ ചെയ്തുതീർക്കേണ്ട ചുമതലകൾ പ്രവർത്തകർക്ക് വീതിച്ചു നൽകിയാകും പ്രവർത്തനം. വോട്ടർമാരുടെ മനസറിഞ്ഞു തയ്യാറാക്കുന്ന വെരിഫിക്കേഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പോരാട്ടത്തിന്റെ വീര്യം എങ്ങനെയാകണമെന്ന് നിശ്ചയിക്കുന്നത്. തങ്ങളുടെ മുന്നണിക്ക് കിട്ടുന്ന വോട്ട്,മറ്റു രണ്ടു മുന്നണികൾക്ക് വെവ്വേറെ കിട്ടുന്ന വോട്ട് ,സ്വതന്ത്രന്മാർ,വിമതർ എന്നിവർക്ക് കിട്ടുന്ന വോട്ടുകൾ എന്നിവയുടെ കണക്കെടുത്ത് വിജയസാദ്ധ്യത ആർക്കെന്ന് മുൻകൂട്ടി കണക്കാക്കിയാണ് പ്രവർത്തനം ശക്തമാക്കുക.