rr

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മുന്നണികൾ തമ്മിൽ പോരാട്ടം ശക്തമാകുന്നതിനിടെ മറ്റൊരു ചർച്ച കൂടി തുടങ്ങി. ആരാകും അടുത്ത മേയർ?...​ തുടർച്ചയായി അധികാരം കൈയാളുന്ന മുന്നണിയിൽ പ്രവർത്തകർ തമ്മിലുള്ള ചർച്ച സജീവമാണ്. വനിതാ സംവരണമാണെന്ന് ഉറപ്പായതോടെ മേയറാക്കാൻ ലക്ഷ്യമിട്ട് മുമ്പ് എം.പിയായിരുന്ന വനിതയെ മത്സരിപ്പിക്കുമെന്ന് സൂചനയൊക്കെ ഉണ്ടായെങ്കിലും അത് സംഭവിച്ചില്ല. പക്ഷേ,​ ഇത്തവണ നാലു പേരുടെയെങ്കിലും പേരുകൾ മേയർ ചർച്ചകളിൽ ഉയർന്നുവരാറുണ്ട്. ഈ നാലു പേരുടെ വാ‌ർഡുകളിലും രസഹ്യമായി ' ജയിപ്പിക്കണേ മേയറാവേണ്ട ആളാ...' എന്ന് പ്രവർത്തകർ പറയുന്നുണ്ടത്രേ. കൂട്ടത്തിൽ ഒരാൾ സ്ഥിരമായി ജയിച്ചുവരുന്ന പാർട്ടി കമ്മിറ്റിയിൽ സ്ഥാനമുള്ള വനിതയാണ്. രണ്ടാമത്തെ ആൾ സുപ്രധാന ഔദ്യോഗിക സ്ഥാനം വഹിച്ചിരുന്നു. മാത്രമല്ല,​ പാർട്ടിയുടെ ആരാദ്ധ്യനായ നേതാവിന്റെ മകളാണ്. മൂന്നാമത്തെ ആൾ എഴുത്തുകാരി,​ നാലാമത്തെയാൾ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ ഉടൻ തിരഞ്ഞെടുപ്പിലേക്ക് എത്തിയ ആളും. പാർട്ടി ആരെയും മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നുമില്ല. കഴിഞ്ഞ തവണത്തെ അനുഭവമുള്ളതിനാൽ ആരും പ്രതീക്ഷിക്കാത്ത അഞ്ചാമത്തെ വനിത മേയർ ആയിക്കൂടെന്നില്ലെന്നും പ്രവർത്തകർ പറയുന്നു. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയിൽ രണ്ട് മുൻ ഡെപ്യൂട്ടി മേയർമാരാണ് മത്സര രംഗത്തുള്ളത്. പ്രധാന പ്രതിപക്ഷമായിരുന്ന മുന്നണി അധികാരം കിട്ടിയാൽ മേയറാക്കേണ്ട ആളെ കണ്ടുവച്ചിട്ടുണ്ടത്രേ. പക്ഷേ,​ അവിടേയും മേയർ മോഹവുമായി രണ്ടിലേറെ പേർ രംഗത്തുണ്ട്. മറ്റൊരു മുന്നണി മേയർ സ്ഥാനത്തെപ്പറ്റി ചിന്തിക്കുന്നതേയില്ല. വിമതരെ ഒതുക്കാനാണത്രേ പാർട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ!.