നിലമ്പൂർ: അനധികൃത എഴുത്ത് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാളെ നിലമ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. വി.കെ റോഡിലെ മൊബൈൽ ഷോപ്പ് നടത്തുന്ന മേച്ചേരി അഷ്റഫ് എന്ന ബാപ്പുട്ടിയാണ് പിടിയിലായത്. കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് നമ്പറിന്റെ അവസാന മൂന്നക്കം എഴുതി നേരത്തെ എഴുതി നൽകിയാണ് അനധികൃത ലോട്ടറി ഇയാൾ നടത്തി വന്നിരുന്നത്. ഒന്നാം സമ്മാനമടിക്കുന്ന യഥാർത്ഥ ടിക്കറ്റിന്റെ അവസാന മൂന്നക്കം സമാനമായി വന്നാൽ 5000 രൂപ സമ്മാനവും ഒരു നമ്പർ ഒത്തു വന്നാൽ 100 രൂപയുമാണ് സമ്മാനമായി നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നും 14,250 രൂപയും ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിലമ്പൂർ എസ്.ഐ. ശശികുമാറിന്റെ നേതൃത്വത്തിൽ സുനീഷ്, പ്രസാദ്, സുജേഷ്, അബ്ദുൾ മജീദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.