മാള: കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഒടുവിൽ കുരുക്കായി. മാള കാവനാട് 14ാം വാർഡിൽ നേർക്ക് നേർ പോരടിക്കുന്ന ഇരുഗ്രൂപ്പിനും കൈപ്പത്തി ചിഹ്നം നൽകിയതാണ് പാർട്ടിക്ക് പൊല്ലാപ്പായിരിക്കുന്നത്. ഐ വിഭാഗത്തിലെ ജോഷി കാഞ്ഞൂത്തറക്കും എ വിഭാഗത്തിലെ സെൻസൻ അറക്കലിനുമാണ് ഡി.സി.സി. കൈപ്പത്തി അനുവദിച്ചത്. ജോഷിക്കാണ് ആദ്യം തന്നെ ചിഹ്നം അനുവദിച്ചത്. എന്നാൽ ഗ്രൂപ്പ് പോര് മുറുകിയതോടെ സെൻസനും ചിഹ്നം നൽകി. ഇതാണ് നേതൃത്വത്തെ ആകെ വെട്ടിലാക്കിയത്. ഇവരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ചിഹ്നം ആർക്ക്
കാവനാട് വാർഡിലെ മുൻ മെമ്പറായിരുന്ന ജോഷി. കഴിഞ്ഞ തവണ വാർഡ് വനിതാ സംവരണം ആയോതോടെ ഭാര്യ നിതയെ വിമത സ്ഥാനാർത്ഥിയാക്കി വിജയിച്ചു. ഇക്കുറി 14ാം വാർഡ് ജനറൽ ആയപ്പോൾ ഐ വിഭാഗത്തിനായി ജോഷി രംഗത്തിറങ്ങി. ഗ്രൂപ്പ് വീതംവയ്പ്പിൽ വാർഡ് ആദ്യം ഐ ഗ്രൂപ്പിന് ലഭിച്ചതോടെയാണ് ഇവിടെ ജോഷി സ്ഥാനാർത്ഥിയാകുന്നത്. ഡി.സി.സി.ചിഹ്നം നൽകാൻ കാരണവും ഇതാണ്. എന്നാൽ പാടെ വെട്ടിനിരത്തപ്പെട്ട എ വിഭാഗം അവസാന ശ്രമത്തിൽ ഇവിടെ മത്സരിക്കുന്ന സെൻസന് വേണ്ടി ചിഹ്നം അടിച്ചു വാങ്ങുകയായിരുന്നു.
ഒത്ത് തീർപ്പാകുമോ
പ്രശ്നം ഒത്തുതീർപ്പാക്കാൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഐ വിഭാഗം നേതാക്കൾ പ്രതികരിച്ചത്. എന്തായാലും തഴയുന്ന ഗ്രൂപ്പ് എതിർവിഭാഗത്തിന് വെല്ലുവിളിയായേക്കുമെന്നാണ് സൂചന. വിജയ സാദ്ധ്യതയുള്ള പല വാർഡുകളിലും ഗ്രൂപ്പുകളിയെ തുടർന്ന് നഷ്ടപ്പെടുമെന്ന അവസ്ഥയിലാകുമോയെന്നാണ് പ്രവർത്തകരുടെ ആശങ്ക. അതേസമയം ഗ്രൂപ്പ് പോര് എല്ലാ ഭാവങ്ങളിലും പ്രകടമായ മാളയിൽ ഡി.സി.സി അംഗങ്ങൾ മുതൽ കെ.പി.സി.സി. ഭാരവാഹികൾ വരെ സ്ഥാനാർത്ഥി നിർണയത്തിനായി തമ്പടിച്ചിരുന്നത്രേ.