ബംഗളൂരു: ബിനീഷ് കോടിയേരിക്കൊപ്പം തിരുവനന്തപുരം ശംഖുംമുഖത്ത് ഓൾഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിൽ പങ്കാളിയായ ടോറസ് റെമഡീസ് ഉടമ ആനന്ദ് പത്മനാഭനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. 2004ൽ ആരംഭിച്ച മരുന്നുവിതരണ കമ്പനിയായ ടോറസ് റെമഡീഡിന്റെ ഡയറക്ടർമാരിൽ ഒരാളുമാണ് ബിനീഷ് എന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
ബംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിംഗ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ് എന്നിവയ്‌ക്കൊപ്പം ടോറസ് റെമഡീസിന്റെ മറവിലും ബിനീഷ് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമം നടത്തിയെന്ന് ഇ.ഡി സംശയിക്കുന്നു. ഓൾഡ് കോഫി ഹൗസിന്റെ പേരിൽ തിരുവനന്തപുരത്തെ ബാങ്കിൽ നിന്നു വായ്പയെടുത്തതിനെക്കുറിച്ച് ആനന്ദ് പത്മനാഭനിൽ നിന്നു വിശദീകരണം തേടി. വായ്പയെടുത്ത പണം ലഹരി ഇടപാടിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് ബിനീഷ് നേരത്തെ ഇ.ഡിക്കു മൊഴി നൽകിയത്. ആനന്ദ് ബിനീഷിന്റെ ബിനാമിയല്ലെന്നും ബിസിനസ് പങ്കാളിയാണെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. ശംഖുംമുഖത്ത് ഓൾഡ് കോഫി ഹൗസ് റസ്റ്റോറന്റ് ആരംഭിക്കാൻ ആനന്ദിനൊപ്പം ബിനീഷ് 15 ലക്ഷം രൂപ മുടക്കി. ഇതിനായെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടക്കിയതിന് ബാങ്ക് ജപ്തി നോട്ടീസയച്ചു. ബിനീഷുമായുള്ള ബിസിനസ് പങ്കാളിത്തം നിയമപരമായുള്ളതാണ്. ഇ.ഡി പരിശോധന നടത്തിയ സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമെഡീസ് ബിനീഷ് കോടിയേരിയുടെ ബിനാമി സ്ഥാപനം അല്ല. ഫാർമസി വ്യാപാരം നടത്തുന്ന കമ്പനിയാണിത്. ബിനീഷും ബിനോയിയും ആദ്യം ഡയറക്ടറായ സ്ഥാപനമാണിത്. നേരത്തേ ആനന്ദ് അവിടെ ജീവനക്കാരനായിരുന്നു. ഇരുവരും ഒഴിവായ ശേഷം പിന്നീട് കമ്പനി ഏറ്റെടുക്കുകയായിരുന്നു. സ്ഥാപനത്തിന് മെഡിക്കൽ സർവീസസ് കോർപറേഷന് മരുന്ന് വിതരണം ചെയ്യാനുള്ള കരാർ ഉണ്ട്. സർക്കാർ സ്വാധീനത്താലല്ല, യോഗ്യത ഉള്ളതിനാലാണ് കരാർ ലഭിച്ചതെന്നും ആനന്ദിന്റെ പിതാവ് കെ.പദ്‌മനാഭൻ വിശദീകരിച്ചു.