തിരുവനന്തപുരം : തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ അന്തിമചിത്രം വ്യക്തമായി. ഇന്നലെ രാത്രി ഒൻപത് വരെയുള്ള കണക്കനുസരിച്ച് 75,013 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുളള സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചപ്പോൾ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 പേരും മത്സരരംഗത്തുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 പേരും മുനിസിപ്പാലിറ്റികളിൽ 10,399 പേരുമാണുള്ളത്. ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലായി 1,986 സ്ഥാനാർത്ഥികളുമാണുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ 8497 പേർ. 1858 പേർ മത്സരംഗത്തുള്ള വയനാടാണ് മത്സരാർത്ഥികൾ കുറവ്.