തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന്റെ ഭാഗമായി ബക്കറ്റ്, മഗ്ഗ്, സോപ്പ്, വെള്ളം എന്നിവ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാരുടെ യോഗത്തിലാണ് കമ്മിഷണറുടെ നിർദേശം.പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ സെക്രട്ടറിമാർ അതത് സ്ഥാപനങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകൾ സജ്ജമാക്കണം. കുടിവെള്ളം, ഫർണിച്ചർ, വൈദ്യുതി എന്നിവ ലഭ്യമാക്കണം. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ വകുപ്പുതലത്തിൽ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം. ഹരിതചട്ടം കർശനമായി പാലിച്ചുവേണം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത്. പോളിംഗ് സ്‌റ്റേഷനുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പാഴ്‌വസ്തുക്കൾ നിക്ഷേപിക്കുന്നതിന് പ്രത്യേക ബാഗുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. പഞ്ചായത്ത് ഡയറക്ടർ ഡോ. പി. കെ. ജയശ്രീ , നഗരകാര്യ ഡയറക്ടർ ഡോ.രേണുരാജ്, തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി എ. സന്തോഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.