banana

വെഞ്ഞാറമൂട് : കൊവിഡ് പ്രതിസന്ധിയും, കാലാവസ്ഥ വ്യതിയാനവും ഒക്കെ കഴിഞ്ഞ് ഇപ്പോൾ വിലക്കുറവും വാഴ കർഷകരെ ദുരിതത്തിലാക്കുന്നു. നാടൻ ഏത്തന് സർക്കാർ നിശ്ചയിച്ച രൂപ തറവിലയിലും താഴേക്ക് ഇടിഞ്ഞതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) വിപണികളിൽ നിന്ന് കർഷകർക്ക് 24 മുതൽ 26 രൂപ വരെ മാത്രമാണ് ഒരു കിലോ ഏത്തക്കായ്ക്ക് ലഭിച്ചത്. സർക്കാർ കണക്ക് പ്രകാരം ഒരു കിലോ എത്തകായ ഉല്പാദിപ്പിക്കാൻ കർഷകന് 25 രൂപ ചെലവ് വരും. ഇത്തരത്തിൽ ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ വരുന്നതോടെ കൃഷി തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് കർഷകരിൽ മിക്കവരും.

കർഷകർക്ക് തറവില ലഭ്യമാക്കാൻ തുടങ്ങിയ രജിസ്ട്രേഷൻ നടപടികളും പൂർത്തിയായിട്ടില്ല. അതിനാൽ നഷ്ടം നേരിട്ട കർഷകരിൽ എത്രപേർക്ക് തറവില സഹായം ലഭിക്കുമെന്ന് വ്യക്തമല്ല. 30 രൂപ തറവില നിശ്ചയിച്ച ഏത്തക്കായ്ക്ക് 25 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ അഞ്ചു രൂപ സർക്കാർ നൽകുമെന്നതാണ് തറവില പ്രഖ്യാപിച്ചതിലൂടെ ലഭിക്കുന്ന നേട്ടം.

വിലയിടിവിന്റെ കാരണങ്ങൾ

1. മുൻപെങ്ങുമില്ലാത്ത തരത്തിൽ തമിഴ്നാട് കർണാടക ഏത്തക്കുലകൾ കേരളത്തിൽ എത്തുന്നു

2. മൊത്തവില്പനക്കാർക്ക് 14 രൂപ നിരക്കിൽ വരെ മറുനാടൻ ഏത്തക്കുലകൾ

3. ലോക്ക് ഡോൺ കാലത്ത് കൂടുതൽ പേർ കൃഷി ഇറക്കി പ്രാദേശിക ഉത്പാദനം ഉയർന്നു

4. കാലാവസ്ഥ നല്ലതായിരുന്നതിനാൽ നല്ല വിളവ് ലഭിച്ചു

5. മുൻപ് ഏത്തക്കുല വാങ്ങിയിരുന്ന പലരും ഉല്പാദകരായി

 20 രൂപയ്ക്ക് വിറ്റു തള്ളി കർഷകർ

വി.എഫ്.പി.സി.കെ വിപണികളിലും ഏത്തക്കായ വില ഇടിഞ്ഞതോടെ പല കർഷകരും 20 രൂപ നിരക്കിൽ പ്രാദേശിക വിപണികളിൽ കുലകൾ വിറ്റഴിച്ചു. വിപണിയിലേക്ക് കുല കൊണ്ടുപോകുന്ന വാഹനക്കൂലി, അവിടെ ചിലവഴിക്കേണ്ടി വരുന്ന സമയം തുടങ്ങിയവ കണക്കാക്കുമ്പോൾ അഞ്ചു രൂപ കുറച്ച് പ്രാദേശിക വിപണി വില്പനയാണ് നല്ലതെന്ന് പലരും കരുതി. കനത്ത നഷ്ടം നേരിടുന്ന കർഷകരിൽ മിക്കവരും കൃഷി ഉപേക്ഷിക്കുന്ന ആലോചനയിലാണ്. നിലവിലെ സാഹചര്യത്തിൽ കൃഷി തുടരുന്നത് ചിന്തിക്കാൻ കഴിയില്ല. മെച്ചപ്പെട്ട വില ലഭിച്ചില്ലെങ്കിൽ കൃഷിയിലേക്ക് ഇറങ്ങിയ യുവാക്കളടക്കം വലിയൊരു വിഭാഗം നിരാശരാകും.