കൊമോഡോ ദേശീയോദ്യാനത്തിന്റെ ഭാഗമായ പഡാർ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഇൻഡോനേഷ്യയിൽ കൊമോഡോ, റിങ്ക ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് പഡാർ. കൊമോഡോ ഡ്രാഗൺ പോലെയുള്ള അപൂർവ ജന്തുക്കളുടെയും സസ്യജാലങ്ങളുടെയും സംരക്ഷിത ആവാസകേന്ദ്രമായ ഇവിടം പ്രകൃതിഭംഗിക്ക് പേരുകേട്ടതാണ്. പച്ചത്തൊപ്പിയിട്ട പർവതനിരകളും പുൽത്തകിടികളും മനോഹര തീരങ്ങളുമെല്ലാം ടൂറിസ്റ്റുകൾക്കു പ്രിയപ്പെട്ടതാക്കുന്നു.
വ്യത്യസ്ത നിറങ്ങളിലുള്ള മണൽ വിരിച്ച തീരങ്ങളാണ് പഡാറിന്റെ ഏറ്റവും വലിയ ആകർഷണം. മുത്തു പോലെ തിളങ്ങുന്നത്, കൽക്കരിയുടെ കറുപ്പുള്ളത്, ഇളം പിങ്ക് എന്നിങ്ങനെ വെവ്വേറെ നിറങ്ങളിലുള്ള മൂന്നു ബീച്ചുകൾ ആണ് ഇവിടെയുള്ളത്. വ്യത്യസ്ത നിറങ്ങളിലുള്ള തീരക്കാഴ്ച മനോഹരമാണ്.
അഗ്നിപർവതജന്യ പ്രദേശമായതിനാൽ തീരത്ത് ഉണ്ടാകുന്ന ഇരുണ്ട ധാതുക്കളുടെ സാന്നിദ്ധ്യമാണ് മണലിന് കറുത്ത നിറം നൽകുന്നത്. പവിഴത്തരികളും വെളുത്ത മണലും പരസ്പരം കൂടിക്കലർന്നാണ് പിങ്ക് നിറത്തിലുള്ള മണൽ ഉണ്ടാകുന്നത്. പഞ്ചാരത്തരികൾ പോലെ വെളുത്ത നിറത്തിൽ തിളങ്ങുന്ന മണൽ സ്വാഭാവികമായി കാണുന്നതുമാണ്.
ദ്വീപിനു പറയത്തക്ക വലിപ്പമില്ലെങ്കിൽപ്പോലും വളരെയധികം അപൂർവ ജീവികൾ ഇവിടെയുണ്ട്. ആറ് ഇനം സ്രാവുകളും രണ്ടു തരം തിരണ്ടികളും കൂടാതെ വ്യത്യസ്ത ഇനത്തിൽപ്പെട്ട ഉരഗങ്ങളെയും ഇവിടെ കാണാം. ഒരുകാലത്ത് ഇവിടെ മൂന്നു തരം കൊമോഡോ ഡ്രാഗണുകൾ ഉണ്ടായിരുന്നുവത്രേ. അനധികൃത വേട്ടയാടലും ഇടപെടലുകളും കാരണം ഇവിടെയുണ്ടായിരുന്ന അപൂർവ്വ ജീവികളിൽ പലതിനും വംശനാശം സംഭവിച്ചു. ഭക്ഷണമില്ലാതെ പല മൃഗങ്ങളും അടുത്തുള്ള ദ്വീപുകളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. ഡോൾഫിനുകൾ, തിമിംഗലം, ഫാൽക്കൻ, പരുന്ത്, പച്ച ആമകൾ തുടങ്ങിയവയെ ഇവിടെ കാണാം.
സഞ്ചാരികൾക്ക് ദ്വീപിന്റെ കാഴ്ചകൾ കാണാൻ പഡാറിലെ മലനിരകളിൽ ട്രെക്കിംഗ് നടത്താം. സ്‌കൂബ ഡൈവിംഗ്, സ്‌നോർക്കലിംഗ് മുതലായ ജലവിനോദങ്ങൾക്കും സൗകര്യമുണ്ട്. ലാബുവാൻ ബജോ ആണ് ഏറ്റവും അടുത്തുള്ള നഗരം.