kovval-damodharan

കാഞ്ഞങ്ങാട്: തോണിയിൽ സഞ്ചരിച്ച് വോട്ട് തേടിയതിന്റെ ഓർമ്മയിലാണ് മുതിർന്ന ബി.ജെ.പി നേതാവ് കൊവ്വൽ ദാമോദരൻ. കാഞ്ഞങ്ങാട് സ്‌പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്നത് 1988ലാണ്. 28 വാർഡുകളായിരുന്നു അന്ന്. അരയി പുഴക്ക് അക്കരെ അരയിയും ഇക്കരെ നിലാങ്കരയും ഉൾപ്പെടുന്ന വാർഡിലായിരുന്നു കൊവ്വൽ ദാമോദരൻ മത്സരിച്ചത്.

കന്നിയങ്കമായിരുന്നു. അരയി പാലം നിലവിൽ വന്നിട്ടില്ല. അതുകൊണ്ടുതന്നെ ചീനി (വലിയ തോണി)യിൽ സഞ്ചരിച്ചായിരുന്നു വോട്ട്‌ തേടൽ. കൂളിയങ്കാലില കുഞ്ഞാമദിന്റെ ചീനിയിലായിരുന്നു യാത്ര സി.പി.ഐയിലെ ചിണ്ടൻ മാസ്റ്ററായിരുന്നു എതിർ സ്ഥാനാർത്ഥി. സാമാന്യം നല്ല വോട്ടിനു അന്നു കൊവ്വൽ ദാമോദരൻ ജയിക്കുകയും ചെയ്തു. മുസ്ലിം ലീഗിലെ കെ.എം. ഷംസുദ്ദീനായിരുന്നു ചെയർമാൻ. കൊവ്വൽ ദാമോദരനെ കൂടാതെ എച്ച്. ഗോകുൽദാസ് കാമത്ത് അന്ന് ബി.ജെ.പി കൗൺസിലറായിരുന്നു. അടുത്ത കാലത്ത് അന്തരിച്ച സി.പി.ഐ നേതാവ് സി.കെ കുഞ്ഞിരാമൻ അന്നു സി.പി.ഐ. പ്രതിനിധിയായി ഉണ്ടായിരുന്നു..

വൈസ് ചെയർമാൻ സി.കെ. ശ്രീധരനായിരുന്നു. കെ. ഉമേശ് കാമത്തുമായി തുല്യ വോട്ട് നേടി ഒടുവിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച എം. കുഞ്ഞമ്പു നമ്പ്യാർ, മുസ്ലിം ലീഗിൽ നിന്ന് കെ. അന്തുമായി ഹാജി, പി.വി. അബ്ദുൾ റഹ്മാൻ ഹാജി, സി.പി.എമ്മിൽ നിന്ന് പി. അപ്പുക്കുട്ടൻ, കെ.വി. രാഘവൻ, അരീക്കര ഭാസ്‌ക്കരൻ തുടങ്ങിയ നേതൃനിര അന്നു കൗൺസിലിൽ ഉണ്ടായിരുന്നു. ഹൊസ്ദുർഗ് ഷോപ്പിംഗ് കോംപ്ലക്സും കല്ലംചിറ റോഡും ഈ ഭരണ സമിതിയുടെ കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളാണ്. രാഷ്ട്രീയത്തിനതീതമായി വികസന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയ ഭരണമായിരുന്നു അന്നെന്ന് ദാമോദരൻ പറയുന്നു.