കിളിമാനൂർ :ഇടതിനെയും വലതിനെയും മാറിമാറി പ്രണയിച്ച ചരിത്രമുള്ള മടവൂരിലെ വോട്ടർമാർ ഇക്കുറി ആരെ പ്രണയിക്കുമെന്ന് കണ്ടറിയാം.ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ആദ്യമായി തുടർച്ചയായി അഞ്ച് വർഷവും ഘടകകക്ഷിയായ സി.പി.ഐക്ക് പ്രസിഡന്റ് സ്ഥാനം നൽകി മാതൃകാട്ടുകയായിരുന്നു സി.പി.എം.2010 - ൽ എൽ.ഡി.എഫിൽ നിന്നും തിരിച്ചുപിടിച്ച ഭരണം 2015 ലും നിലനിറുത്താൻ അവസരം നൽകിയിട്ടും അത് പാഴാക്കിയതിന്റെ കുറ്റബോധത്തിലാണ് ഇത്തവണ കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്. ബി.ജെ.പിക്ക് അത്യാവശ്യം വേരോട്ടമുള്ള മണ്ണിൽ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അവർ. ത്രിതല പഞ്ചായത്ത് സംവിധാനം ആരംഭിച്ചതു മുതൽ ഇടതു-വലതു പക്ഷങ്ങളെ മാറിമാറി സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മടവൂർ പഞ്ചായത്തിനുള്ളത്. കശുഅണ്ടി തൊഴിലാളികളും കൂലിപ്പണിക്കാരും സാധാരണക്കാരുമാണ് ഭൂരിപക്ഷം.
2000-05ൽ വാർഡുകളുടെ എണ്ണം 11ആയി ഉയർന്നപ്പോൾ ഇടതു-വലതു പക്ഷങ്ങൾ അഞ്ചുവീതം സീറ്റുകൾ നേടി. ആ തിരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നു.ബിജെപി അംഗത്തിന്റെ സഹായത്തോടെ കോൺഗ്രസ് ഭരണം പിടിച്ചു.
2005ൽ 15 വാർഡുകളായി ഉയർന്നപ്പോൾ 8 സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണം പിടിച്ചു.കോൺഗ്രസ് ആറിടത്തും ബി.ജെ.പി ഒരു സീറ്റും നേടി.സിപിഎമ്മിലെ ശശിധരൻപിള്ളയായിരുന്നു പ്രസിഡന്റ്. 2010ൽ ഫലം വീണ്ടും മറിച്ചായി.10 സീറ്റുകൾ നേടി കോൺഗ്രസ് ഭരണം പിടിച്ചെടുത്തപ്പോൾ 3 സീറ്റ് നേടി എൽ.ഡി.എഫിന് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപി രണ്ടായി നില മെച്ചപ്പെടുത്തി.കോൺഗ്രസിലെ രവീന്ദ്രൻ ഉണ്ണിത്താൻ പ്രസിഡന്റായി.2015 ലും ജനം കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു.ആറ് സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ സി.പി.ഐയിലെ രണ്ടുപേരടക്കം നാലു സീറ്റ് കൊണ്ട് എൽ.ഡി.എഫിന് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപി സീറ്റ് നില ഒന്ന് കൂടി മെച്ചപ്പെടുത്തി ഇടത്-വലത് കക്ഷികൾക്ക് ഭീഷണിയായി.രണ്ട് സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പലരും കോൺഗ്രസ് വിട്ടുപോയി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ രണ്ടുപേരും എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.ബിജെപി അംഗങ്ങൾ വിട്ടു നിന്നു.ഇരുവർക്കും 6 വീതം വോട്ടുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥി വിജയിച്ചു.തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു അംഗം വോട്ട് അസാധുവാക്കുകയും ചെയ്തു.
ഭരണം കിട്ടിയാൽ ഇക്കുറി പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാൻ തന്നെയാണ് സി.പി.എം പട്ടികജാതി സംവരണ വാർഡിൽ പാർട്ടി സ്ഥാനാർത്ഥിയെ തന്നെ ജയിപ്പിക്കാനുള്ള തന്ത്രത്തിലാണ് നേതൃത്വം. തുമ്പോട് വാർഡിൽ നിന്നും മത്സരിക്കുന്ന സി.പി.എം എൽ.സി സെക്രട്ടറിയായിരുന്ന ഷൈജു ദേവാണ് തിരഞ്ഞെടുപ്പിനെ നയിക്കുന്നത്.