ഉപ്പൂറ്റിവേദനയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. പലതരത്തിലുള്ള ചികിത്സകൾ ലഭ്യമാണെങ്കിലും ശരീരവണ്ണം കുറയ്ക്കാനും നിന്നുകൊണ്ടുള്ള ജോലികൾ കുറയ്ക്കുവാനും ചില തരം വ്യായാമങ്ങൾ ചെയ്യാനുമാണ് ഡോക്ടർമാർ പൊതുവേ നിർദ്ദേശിക്കുന്നത്. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ആർക്കും അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല ഇത്.
പലവിധ കാരണങ്ങളാൽ ഉപ്പൂറ്റിവേദനയുണ്ടാകാം. യൂറിക്കാസിഡിന്റെയും ഇ.എസ്.ആറിന്റെയും വർദ്ധന, അധികഭാരം, വളരെനേരം നിന്നുകൊണ്ട് ചെയ്യേണ്ടിവരുന്ന ജോലി, വെരിക്കോസ് വെയിൻ, കടുത്ത നടുവേദന, മുട്ടുവേദന, നടുവേദനയുള്ളവരിൽ കാലിലേക്കുള്ള ഞരമ്പിനുണ്ടാകുന്ന വലിച്ചിൽ, അത്തരം വലിച്ചിലുള്ളവർ തന്നെ നീണ്ടു നിവർന്നു കിടക്കുന്നതു കാരണം കാലിനുണ്ടാകുന്ന അമിത സമ്മർദ്ദം, ഉയർന്ന ഹീലുള്ള ചെരുപ്പുകൾ, പാദത്തിന്റെ സ്വാഭാവിക വളവിന് ജന്മനാ ഉണ്ടാകുന്ന ഫ്ലാറ്റ് ഫൂട്ട് എന്ന ഘടനാപരമായ വ്യത്യാസം, അപകടങ്ങൾ, ആണി രോഗം തുടങ്ങിയവ കാരണം നടത്തത്തിനുണ്ടാകുന്ന വ്യത്യാസം, ഉപ്പൂറ്റി എന്ന അസ്ഥിക്കുണ്ടാകുന്ന തേയ്മാനം, പാദത്തിനടിയിലെ കട്ടിയുള്ള പേശി പോലുള്ള ഭാഗത്തിനുണ്ടാകുന്ന കാഠിന്യം, നിയന്ത്രണത്തിലല്ലാത്ത പ്രമേഹം തുടങ്ങിയ കാരണങ്ങളാൽ ഉപ്പൂറ്റി വേദനയെ ഉണ്ടാകാം.
കഠിനമായ തണുപ്പടിച്ചാൽ, തണുത്ത തറയിൽ ചെരുപ്പില്ലാതെ ചവിട്ടുമ്പോൾ, തണുത്ത കാലാവസ്ഥയിൽ, തണുത്തവയോ തൈരോ സ്ഥിരം കഴിക്കുന്നവർ, രാത്രി ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നവർ എന്നിവരിലെല്ലാം ഉപ്പൂറ്റിവേദന വർദ്ധിക്കാറുണ്ട്.
ഉപ്പൂറ്റി വേദന കുറയ്ക്കണമെങ്കിൽ കാരണമറിഞ്ഞും കാരണത്തെ വർദ്ധിപ്പിക്കാതെയും പ്രധാന രോഗങ്ങളെ കൂടി നിയന്ത്രണവിധേയമാക്കിയും ചികിത്സിക്കേണ്ടിവരും.
പുറമേ പുരട്ടുന്ന പുറമ്പട, തൈലമിട്ട് ആവിപിടിക്കൽ, ചൂടുവയ്ക്കുക, കിഴിവയ്ക്കൽ, ഉള്ളിലേക്കുള്ള മരുന്നുകൾ, വേദനയും വീക്കവും കുറയാനുള്ള പ്രത്യേക മരുന്നുകൾ, വിശ്രമം, പഥ്യം തുടങ്ങിയവ കൊണ്ട് ഉപ്പൂറ്റിവേദനയ്ക്ക് ശമനമുണ്ടാക്കാൻ ഒരു ആയുർവേദ ഡോക്ടർക്ക് കഴിയും.
വേദനസംഹാരികൾ, വീക്കത്തെ കുറയ്ക്കുന്ന മരുന്നുകൾ, നിശ്ചിത ഇടവേളകളിൽ ചെയ്യുന്ന ചിലതരം കുത്തിവയ്പ്പുകൾ, ഉപ്പൂറ്റിയുടെ തേയ്മാനം കൊണ്ടുണ്ടാകുന്ന വേദനയിൽ അസ്ഥിയുടെ കൂർത്തിരിക്കുന്ന ബാക്കിഭാഗം ചുരണ്ടിക്കളയുന്ന തരത്തിലുള്ള സർജറികളുമാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനായി നിഷ്ക്കർഷിക്കുന്നത്.
മുട്ട് വേദനയോ ഇടുപ്പ് വേദനയോ കാരണം ചിലർക്ക് ഉറക്കം എഴുന്നേൽക്കുമ്പോഴും ,പകൽ സമയത്തും കുറച്ചു നേരത്തെ വിശ്രമിച്ചശേഷം നടന്നു തുടങ്ങുമ്പോഴും ചിലപ്പോൾ മുടന്തി നടക്കേണ്ടി വരാറുണ്ട്.
മറ്റുചിലർക്ക് ഇടുപ്പിൽ നിന്ന് ഒരു വശത്തെ കാലിലേയ്ക്കോ, ഇരുവശത്തേക്കുമോ ഉണ്ടാകുന്ന വലിച്ചിലും വേദനയും ബലക്കുറവും നട്ടെല്ലിന്റെ കശേരുകകൾക്ക് ഉണ്ടാകുന്ന കുഴപ്പങ്ങൾ കാരണം സംഭവിക്കുന്ന അസുഖമായിരിക്കും. ഇവയെല്ലാം തന്നെ ഉപ്പൂറ്റി വേദനയ്ക്ക് കൂടി കാരണമാകാറുണ്ട്. പ്രത്യേകിച്ച്, വണ്ണക്കൂടുതലുള്ളവരിൽ.
കാൽത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നവരിൽ കാൽത്സ്യം അടിഞ്ഞു കൂടുന്നത് കൊണ്ടും കാൽത്സ്യം കുറവുള്ളവരിൽ അത് കാരണവും അസ്ഥികൾക്കുണ്ടാകുന്ന സാന്ദ്രതാ വ്യത്യാസവും ഉപ്പൂറ്റിവേദനയ്ക്ക് കാരണമാകാറുണ്ട്.
നിസാരകാരണങ്ങൾ കൊണ്ട് പോലും വലിയ മനോവിഷമമുണ്ടാക്കാൻ ഉപ്പൂറ്റി വേദനയ്ക്ക് കഴിയുമെന്നതാണ് യാഥാർത്ഥ്യം. അദ്ധ്യാപകർ, ബസ് കണ്ടക്ടർ , പൊലീസുകാർ, സെക്യൂരിറ്റി ജീവനക്കാർ, രാവിലെ മുതൽ രാത്രി വരെ അടുക്കളകളിൽ വിശ്രമമില്ലാതെ നിന്ന് ജോലി ചെയ്യുന്നവർ, ചെരുപ്പിടാതെ ടൈൽസിലും ഗ്രാനൈറ്റിലും നിൽക്കുന്നവർ, നനഞ്ഞ തറയിൽ നിൽക്കുന്നവർ, ചായക്കട തൊഴിലാളികൾ തുടങ്ങിയവരിൽ ഉപ്പൂറ്റിവേദന അനുഭവപ്പെടാത്തവർ വളരെ വിരളമായിരിക്കും. പ്രത്യേകിച്ച്, വണ്ണക്കൂടുതലുള്ളവർക്ക്.
ഉപ്പൂറ്റിവേദന സഹിച്ചും ക്രമീകരിച്ചും ദിവസങ്ങൾ തള്ളിനീക്കുന്നവർ ക്രമേണ മറ്റ് അസുഖങ്ങളെയും ക്ഷണിച്ചുവരുത്തുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
ഉദാഹരണമായി, നടുവേദനയുള്ളയാളുടെ ഉപ്പൂറ്റിവേദന കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടുവേദന വർദ്ധിക്കാനും നട്ടെല്ലിന്റെ കശേരുക്കൾക്ക് സമ്മർദ്ദം വർദ്ധിച്ച് രോഗത്തിന്റെ തീവ്രത വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
അതിനാൽ ഉപ്പൂറ്റിവേദനയുള്ളവർ ചികിത്സ തേടിപോകുമ്പോൾ നിലവിലെ മറ്റ് രോഗങ്ങളെ കൂടി മനസ്സിലാക്കാനും ആ രോഗങ്ങളുടെ തീവ്രത കൂടി വിലയിരുത്തുന്നതിനും അവയെ കൂടി നിയന്ത്രണത്തിലാക്കുന്നതിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
വേദനയകറ്റാൻ ചില നുറുങ്ങുകൾ...
രണ്ടു മൂന്നു മണിക്കൂർ തുടർച്ചയായി നിൽക്കേണ്ടി വരുന്നവർ അഞ്ചു മിനിറ്റെങ്കിലും കിടക്കുകയാണെങ്കിൽ നല്ലൊരു ശതമാനം ആൾക്കാരിലും ഉപ്പൂറ്റിവേദന നിയന്ത്രിക്കാം.
അധികനേരം നിൽക്കുന്നത് കാരണം കാലിലുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. രാത്രിയിലെ ആഹാരം എളുപ്പം ദഹിക്കുന്നതാക്കുകയും അത് കഴിച്ച ശേഷം ഒന്നര മണിക്കൂറിന് ശേഷം മാത്രം ഉറങ്ങാൻ കിടക്കുക. ഉറങ്ങുന്നത് മുമ്പ് അരഗ്ലാസ് ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്.
അസിഡിറ്റിയോ മലശോധനക്കുറവോയില്ലാത്തവർ ചൂടുവെള്ളത്തിനു പകരം ചുക്ക് വെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്.
കാലുകളിൽ തൈലം പുരട്ടി ഡോക്ടർ നിർദ്ദേശിക്കുന്ന ചൂർണ്ണങ്ങൾ ഉപയോഗിച്ച് കിഴികെട്ടി ചൂട് കൊടുക്കുക. ഏണിപ്പടിയുടെ താഴത്തെ പടിയിൽ കയറിനിന്ന് കാലിന്റെ മുൻഭാഗം മാത്രം ചവിട്ടി മുകളിലോട്ടും താഴോട്ടും ഉയരുകയും താഴുകയും ചെയ്യുക. വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട കാര്യമാണിത്. തൈലവും പുരട്ടിയിരിക്കുന്നതിനാൽ പടിയിൽ കയറി നിന്ന് വഴുതി വീഴാൻ ഇടയുണ്ട് സൂക്ഷിക്കണം. ഏണിപ്പടിയുടെ കൈവരിയിലോ മറ്റോ ബലമായി പിടിക്കാൻ മറക്കരുത്.
വണ്ണം കൂടുതലുള്ളവർ ശാസ്ത്രീയ മാർഗ്ഗത്തിലൂടെ വണ്ണം കുറയ്ക്കേണ്ടതുണ്ട്. കാലിലെ മാംസപേശികൾക്ക് ബലം ലഭിക്കുന്ന വിധത്തിൽ വ്യായാമം ചിട്ടപ്പെടുത്തുന്നത് നല്ലതാണ്.