വർക്കല :നിയോജക മണ്ഡലത്തിലെ 149 വാർഡുകളിൽ 140 ലും എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും വർക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സ്വതന്ത്രരായി മത്സരിക്കുന്ന ചിലർ എൻ.ഡി.എ.യുടെ സ്വതന്ത്രന്മാരെന്ന് വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി. നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
നിയോജക മണ്ഡലത്തിൽ എൻ.ഡി.എ ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല ഇത്തരത്തിൽ പിന്തുണ അവകാശവാദവുമായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന സ്വതന്ത്രന്മാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുവാനും നിയമ നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പിന്നാക്ക സമുദായക്കാർക്ക് മുന്തിയ പരിഗണന നൽകിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യം സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.വർക്കല നഗരസഭയിലെ(വാർഡ് 27) ബി.ജെ.പി കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ സ്വപ്ന ശേഖറിനെ ചുമതലകളിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ബി.ജെ.പി.വർക്കല മണ്ഡലം പ്രസിഡന്റ് അജു ലാൽ, ജനറൽ സെക്രട്ടറി തച്ചോട് സുധീർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.