വെഞ്ഞാറമൂട്: ടെൻഡർ നടപടികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വെഞ്ഞാറമൂട്ടിലെ ഓവർബ്രിഡ്ജ് പണി ആരംഭിച്ചില്ല. വെഞ്ഞാറമൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. ജംഗ്ഷനിൽ തന്നെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും നെല്ലനാട് പഞ്ചായത്തും ഒക്കെ സ്ഥിതി ചെയ്യുന്നത്. അത്കൊണ്ടുതന്നെ വെഞ്ഞാറമൂട് ജംഗ്ഷൻ എപ്പോഴും ഗതാഗതക്കുരുക്കിലുമായിരുന്നു. ഓണം പോലുള്ള ഉത്സവ വേളകളിൽ വെഞ്ഞാറമൂട് ജംഗ്ഷൻ കടന്നു പോകണമെങ്കിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മണിക്കൂറുകൾ വേണമായിരുന്നു. ഇതേ തുടർന്ന് വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഓവർബ്രിഡ്ജ് വേണമെന്നാവശ്യം ചൂണ്ടികാട്ടി കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ടും നൽകിയിരുന്നു. ഇതേ തുടർന്ന് ഡി.കെ. മുരളി എം.എൽ.എ ഇടപെടുകയും എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18 ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാപഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സാദ്ധ്യതാപഠനം നടത്തുകയും പദ്ധതി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ആഗസ്റ്റ് 19ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓവർബ്രിഡ്ജ് നിർമാണം അംഗീകരിച്ച് 25.03 കോടി രൂപ അനുവദിച്ചത്. ജനുവരി 4 ന് ഫ്ലൈഓവറിന്റെ ടെൻഡർ പബ്ലിഷ് ചെയ്യുകയും ചെയ്തു. എന്നാൽ മാസങ്ങൾ ഇത്ര ആയിട്ടും തുടർ നടപടികൾ ഒന്നുമായിട്ടില്ല.