തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്ലയിൽ തലങ്ങും വിലങ്ങും സഞ്ചാരം തുടങ്ങി. സ്ഥാനാർത്ഥിയുടെ ചെലവ് മുതൽ പ്രചാരണം വരെ നിരീക്ഷണ വിധേയമാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം ജില്ലയിൽ മാതൃകാപരമായി നടപ്പാക്കാൻ സഹകരിക്കണമെന്നു സ്ഥാനാർത്ഥികളോടും രാഷ്ട്രീയ കക്ഷികളോടും കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അഭ്യർത്ഥിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടികയായതോടെ വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണം സ്ഥാനാർത്ഥികൾ ആരംഭിച്ചുകഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ കൂടി ഉൾപ്പെടുത്തിയുള്ള മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാൻ സ്ഥാനാർത്ഥികൾ സന്നദ്ധരാകണമെന്ന് എം.സി.സി മോണിറ്ററിംഗ് സെൽ യോഗത്തിൽ കളക്ടർ അഭ്യർത്ഥിച്ചു.
പാടില്ലാത്തത്
പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആൾക്കൂട്ടം പാടില്ല
ഇൻഡോർ പരിപാടികൾക്ക് ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനം പേരെയും (പരമാവധി 200 പേർ)
ഔട്ട് ഡോർ പരിപാടികൾക്ക് സ്ഥല വിസ്തൃതിയിൽ ഉൾക്കൊള്ളാനാകുന്നതിന്റെ പകുതി ആളുകളെയേ പങ്കെടുപ്പിക്കാവൂ
മൈക്ക്,വാഹന പെർമിറ്റ് അടക്കമുള്ള അനുമതികൾ മുൻകൂർ വാങ്ങണം
പ്രചാരണത്തിൽ വ്യക്തി അധിക്ഷേപങ്ങൾ പാടില്ല
ആരാധനാലയങ്ങൾ പ്രചാരണത്തിനു വേദിയാക്കരുത്
ജാതി, മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കരുത്
പ്രചാരണ ചെലവിനും പരിധി
ഗ്രാമ പഞ്ചായത്തുകളിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്നത് 25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 75,000 രൂപ ചെലവഴിക്കാം
ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോർപറേഷൻ ഡിവിഷനിലും ഒരു സ്ഥാനാർത്ഥിക്ക് ഒന്നര ലക്ഷം രൂപ ചെലവഴിക്കാം
മുനിസിപ്പാലിറ്റി സ്ഥാനാർത്ഥിക്ക് ഒരു ലക്ഷം രൂപ ചെലവാക്കാം