nov24a

ആറ്റിങ്ങൽ: തിരുവിതാംകൂറിന്റെ ചരിത്രതാളുകളിൽ തങ്ക ലിപികളാൽ എഴുതിയിട്ടുള്ള ആറ്റിങ്ങൽ കൊട്ടാരം തകർച്ചയുടെ വക്കിൽ. കൊട്ടാരത്തിന്റെ മുഖമണ്ഡപത്തിന്റെ ഒരു വശം കഴിഞ്ഞ ദിവസം തകർന്നു. ബാക്കി ഭാഗം ഏതു നിമിഷവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കൊട്ടാരം നവീകരിക്കുമെന്ന ദേവസ്വം ബോർഡിന്റെ പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങിയപ്പോൾ ചരിത്ര സ്‌മരണകളുറങ്ങുന്ന ഒരു കെട്ടിടം കൂടി ഇല്ലാകുമെന്ന ആശങ്കയിലാണ് ജനം. തിരുവിതാംകൂറിന്റെ മാതൃഗൃഹമെന്ന് ചരിത്രം പറയുന്ന ആറ്റിങ്ങൽ കൊട്ടാരമാണ് ജീർണാവസ്ഥയിലായത്. കൊല്ലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്‌മാരകം പുരാവസ്‌തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് പുനരുദ്ധരിക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. നിരവധി സമരങ്ങളുടെയും ഇടപെടലുകളുടെയും അവസാനം ദേവസ്വം ബോർഡ‌് വീണ്ടും ഇവിടെ ക്ഷേത്രകലാപീഠം പുനരാരംഭിച്ചതാണ് ആകെയുള്ള ആശ്വാസം. ഇതോടെ ഈ കെട്ടിടത്തിൽ ആളനക്കം വന്നിരുന്നു. നിലവിൽ കൊവിഡ‌് കാരണം ക്ലാസ് നടക്കുന്നില്ല. പുരാവ‌സ്‌തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടം സന്ദർശനത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല.