തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോരിൽ, സി.എ.ജി റിപ്പോർട്ട് നിയമസഭയിലെത്തും മുമ്പ് പുറത്ത് ചർച്ചയാക്കിയ ധനമന്ത്രിയുടെ നടപടിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നീരസം.
സഭയ്ക്കും സ്പീക്കർക്കും ഭരണഘടന കല്പിച്ചിട്ടുള്ള പദവിയുടെ മഹത്വത്തെ നിസ്സാരവത്കരിക്കുന്ന തരത്തിലേക്ക് കിഫ്ബി വിവാദം മാറിയെന്ന പരിഭവം അടുപ്പമുള്ളവരോട് സ്പീക്കർ പങ്കുവച്ചതായാണ് വിവരം. പ്രതിപക്ഷത്തിന്റെ കൂടി സ്പീക്കറായതിനാൽ, ധനമന്ത്രിക്കെതിരായ പ്രതിപക്ഷനേതാവിന്റെയും വി.ഡി. സതീശന്റെയും അവകാശലംഘന നോട്ടീസിൽ, അവരെ തൃപ്തിപ്പെടുത്തുന്ന നടപടി കൂടിയേ തീരൂവെന്ന നിലപാടിലാണ് അദ്ദേഹം. ഇക്കാര്യത്തിൽ സ്പീക്കർ നിയമോപദേശം തേടും.
നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോർട്ട് ഒരു മന്ത്രി തന്നെ ചോർത്തുന്നത് സഭയുടെ അധികാരാവകാശങ്ങളെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യമാണെന്ന വിലയിരുത്തലിലാണ് സ്പീക്കർ. മന്ത്രിയോട് സ്പീക്കർ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മന്ത്രിയുടെ ഭാഗത്ത് നിന്ന് ക്ഷമാപണമുണ്ടായാൽ നടപടി നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്നും സ്പീക്കർ കരുതുന്നു.
ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ആൾ ഇന്ത്യാ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോൺഫറൻസിൽ പങ്കെടുക്കുന്ന സ്പീക്കർ തിരിച്ചെത്തിയ ശേഷമാവും തുടർ നടപടികളിലേക്ക് കടക്കുക. . സഭാ നാഥനായ സ്പീക്കറെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനം ഉത്തരവാദപ്പെട്ട മന്ത്രിയിൽ നിന്നുണ്ടാവരുതായിരുന്നു. അതുകൊണ്ടുതന്നെ, പദവിയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന തീരുമാനമുണ്ടാകില്ലെന്നാണ് അടുപ്പമുള്ളവരെ സ്പീക്കർ അറിയിച്ചിരിക്കുന്നത്.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ, പ്രശ്നം സഭയുടെ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും സാദ്ധ്യതയുണ്ട്.