kovalam

കോവളം: കോട്ടുകാൽ പഞ്ചായത്തിലെ പുന്നക്കുളത്ത് ചെറിയ തോടിന് കുറുകെയുള്ള നടപ്പാലം രണ്ടായി പിളർന്ന് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.50ഓടെയാണ് സംഭവം. സ്ത്രീകൾ വിശ്രമിക്കുന്നതിനിടെയാണ് പാലം തകർന്നത്. പുന്നക്കുളം മലമേൽക്കുന്ന് ഗവ. ആശുപത്രിക്ക് സമീപം ശ്രീദേവി (50), ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രം റോഡ് ചീനീവിളയിൽ ഷീജ (35), പുന്നക്കുളം കീഴേ ആറുകാൽവീട് ലക്ഷ്‌മിസദനത്തിൽ സിന്ധുമോൾ (41), പുന്നക്കുളം സായൂജ്യത്തിൽ ഷിബി (42), പുന്നക്കുളം മലമേൽക്കുന്ന് ഗവ. ആശുപത്രിയിക്ക് സമീപം ശാന്ത (55), പുന്നക്കുളം വളവുനട ശരണ്യനിവാസിൽ ശശികല (47) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസാര പരിക്കേറ്റ മൂന്നുപേരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്ന് അഗ്നിരക്ഷാസേനയെത്തി. വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ, എസ്.ഐ സജി, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു എന്നിവർ സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായമായി 12,000 രൂപ അനുവദിച്ചതായി കോട്ടുകാൽ പഞ്ചായത്ത് സെക്രട്ടറി അജു അറിയിച്ചു.