chenni

തിരുവനന്തപുരം: വികലമായ നയങ്ങൾ മൂലം ഇടതുസർക്കാർ കേരളത്തെ വൻ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനെ ഡൗൺസൈസ് ചെയ്യാനും ജീവനക്കാരെ പുനർവിന്യസിക്കാനും നിർദേശിക്കുന്ന പഠന റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരെ വെട്ടിനിരത്തുകയും പാർട്ടിക്കാരെ പിൻവാതിലിൽക്കൂടി നിയമിക്കുകയുമാണ്. ഈ സർക്കാർ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ അന്തകരായി മാറിയിരിക്കുകയാണ്. വൻ അഴിമതിക്ക് കളമൊരുക്കുന്ന കിഫ്ബി കേരളത്തെ കടക്കെണിയിലെത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ കൗൺസിൽ കൺവീനർ ജെ.ബെൻസി അദ്ധ്യക്ഷത വഹിച്ചു. ടി.ജ്യോതികുമാർ,തിബിൻ നീലാംബരൻ, എം.എസ്.മോഹനചന്ദ്രൻ, എം.എസ്.ജ്യോതിഷ്, അജിതകുമാരി,ബിനു,ഷിബു ജോസഫ്, പ്രദീപ് എന്നിവർ സംസാരിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.