തിരുവനന്തപുരം: ബാർകോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം തെറ്റെന്ന് രേഖകൾ. തനിക്കെതിരായ ആരോപണത്തെക്കുറിച്ച് വിജിലൻസ് രണ്ടു തവണ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതിനാലും ഇതിൽ ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ച സാഹചര്യത്തിലും പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്നാണ് ചെന്നിത്തല ഗവർണർക്കു നൽകിയ കത്തിൽ പറയുന്നത്.
എന്നാൽ, അന്വേഷണത്തിന് അടിസ്ഥാനമായ ബിജുരമേശിന്റെ രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേരില്ല. കെ.ബാബുവിന്റെയും വി.എസ്. ശിവകുമാറിന്റെയും പേര് ഉണ്ടായിരുന്നു. കേസിൽ ഇതുവരെ ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരും പറയുന്നത്. കെ.പി.സി.സി പ്രസിഡന്റായിരിക്കെ, ഒരുകോടി നൽകിയ കാര്യം രഹസ്യമൊഴിയിൽ നിന്നു മറച്ചുവയ്ക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചെന്ന് ബിജുരമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. കെ.ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചുവെന്നും ബിജു രമേശ് വെളിപ്പെടുത്തി.
കോടതിയിൽ നൽകിയ 164ചട്ടപ്രകാരമുള്ള രഹസ്യമൊഴിക്കൊപ്പം ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയടങ്ങിയ സിഡിയും ബിജുരമേശ് സമർപ്പിച്ചിരുന്നെന്നും അതിൽ
ചെന്നിത്തലയ്ക്ക് ഒരുകോടി നൽകിയതായി പറയുന്നുണ്ടെന്നും വിവരമുണ്ട്. വിജിലൻസ് കോടതിയിൽ സിഡി ഹാജരാക്കിയിരുന്നു. ഈ സിഡിയിൽ കൃത്രിമമുണ്ടെന്ന് തിരുവനന്തപുരത്തെ ഫോറൻസിക് ലാബും അഹമ്മദാബാദിലെ കേന്ദ്ര ലബോറട്ടറിയും കണ്ടെത്തിയതിനാൽ ഇത് തെളിവായെടുത്തില്ല. ബിജുരമേശിന്റെ രഹസ്യമൊഴിയിൽ അന്വേഷണം നടത്തി അന്തിമറിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഹൈക്കോടതിയിൽ ഇതുവരെ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. അതിനാൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും നടപടി കോടതിയലക്ഷ്യമായി മാറുമെന്നും വിജിലൻസിന്റെ മുൻ പ്രോസിക്യൂഷൻ അഡി. ഡയറക്ടർ ജി.ശശീന്ദ്രൻ പറഞ്ഞു.