ആറ്റിങ്ങൽ:മുദാക്കൽ പഞ്ചായത്തിൽ തിര‍ഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ ഇടത്, ​ബി.ജെ.പി മുന്നണികൾക്ക് വിമതർ തലവേദനയാകുന്നു. ചരിത്രത്തിലാദ്യമായി കോൺഗ്രസിന് റിബൽ ഇല്ലാത്ത മത്സരമാണ് മുദാക്കലിൽ നടക്കുന്നത്. കോൺഗ്രസിൽ 12 ാം വാർഡായ ചെമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി എം.എസ്.അഭിജിത്തിന് വിമതൻ പത്രിക നൽകിയിരുന്നു. വാസുദേവപുരം വാർഡിൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും വിമതരുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥി അനിതകുമാറിനെതിരെ ഇടത് വിമത കൂട്ടായ്മയായ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി സീനത്തും, വാസുദേവപുരം ശ്യാമിനെതിരേ ബി.ജെ.പി വിമതനായി സന്തോഷും ഇവിടെ മത്സര രംഗത്തുണ്ട്. സിറ്റിംഗ് വാർഡായ വാളക്കാട്ട് സി.പി.എമ്മിന് പ്രബലരായ രണ്ട് വിമത സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. രണ്ടുതവണ പഞ്ചായത്തംഗവും നിലവിൽ സി.പി.എം ലോക്കൽകമ്മിറ്റി അംഗവുമായ എം.എ. സലീമും,നിലവിൽ പിരപ്പൻകോട്ടുകോണം വാർഡ് മെമ്പറായ സന്തോഷുമാണ് ഔദ്യോഗിക സ്ഥാനാർത്ഥിയായ പൊയ്കമുക്ക് ഹരിക്കെതിരെ വിമതരായി മത്സരിക്കുന്നത്. പിരപ്പൻകോട്ട്കോണം വാർഡിൽ ഇടതുപക്ഷ ഔദ്യോഗിക സ്ഥാനാർത്ഥിയായ ജയശ്രീക്കെതിരെ ഇടതുപക്ഷ വിമത കൂട്ടായ്മയായ ജനകീയമുന്നണിയുടെ ബാനറിൽ ദീപാറാണി മത്സരിക്കുന്നു. ചെമ്പൂര് വാർഡിൽ ബി.ജെ.പിക്ക് എതിരായാണ് വിമതൻ.കർഷകമോർച്ച ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന സുധീഷ് കുളത്തുങ്കര, നിലവിൽ ബി.ജെ.പി യുടെ പഞ്ചായത്ത് മെമ്പറും പ്രമുഖ ബിജെപി നേതാവുമായ കെ.മഹേഷിനെതിരെ വിമതനായി മത്സരിക്കുന്നു. കുരിക്കകം വാർഡിൽ ആർ.എസ്.പി പ്രവർത്തകനായിരുന്ന ബൈജു സ്വതന്ത്ര വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഊരുപൊയ്ക വാർഡിൽ അമ്പിളിയാണ് സി.പി.എം ഔദ്യോഗിക സ്ഥാനാർത്ഥി രേണുകയ്ക്കെതിരെ വിമതയായി മത്സരിക്കുന്നത്.