rajan-kuzhur

മാള: കുഴൂരിന്റെ ചിത്രകാരൻ രാജൻ വീണ്ടും ബ്രഷ് എടുത്തു. തെക്കൻ താണിശേരി സെന്റ് സേവിയേഴ്‌സ് എൽ.പി സ്കൂളിന്റെ ചുമരുകളിൽ മിഴിവേകുന്ന ചിത്രങ്ങൾ തീർക്കാൻ. സ്വർണാഭരണങ്ങളിൽ വൈവിദ്ധ്യമായ ഡിസൈനുകൾ തീർക്കുന്ന രാജൻ ഒരുകാലത്ത് നാട്ടിൽ തിരക്ക് പിടിച്ച ചിത്രകാരനായിരുന്നു. ചിത്രംവരയിൽ നിന്ന് തന്റെ പ്രവർത്തന മണ്ഡലം സ്വർണാഭരണങ്ങളുടെ ലോകത്തേക്ക് മാറ്റിയെങ്കിലും വീണ്ടും പഴയ ജോലിയിലേക്ക് രാജനെ തിരികെ എത്തിച്ചത് കൊവിഡ് മഹാമാരിയാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ രാജൻ ഇവിടെ ഒരു ആഭരണ നി‌ർമ്മാണശാലയിൽ തൊഴിലെടുക്കുകയായിരുന്നു. ഇതിനിടെയാണ് കൊവിഡ് വില്ലനായി എത്തിയത്. ഇതോടെ ജോലി കുറ‌ഞ്ഞു, പ്രതിസന്ധിയായി. അടുത്തിടെ പേപ്പർ കൊണ്ട് മനോഹരമായ വീട് നിർമ്മിച്ച് രാജൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇത് കേരളകൗമുദി ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് രാജനെ തേടി വിളികളെത്തിയതും പഴയ ജോലിയിലേക്ക് മടങ്ങാൻ അവസരവുമുണ്ടായതും. ഉണ്ണിക്കൃഷ്ണൻ മേക്കളി വർഷങ്ങൾക്ക് മുമ്പ് വരച്ച ചിത്രങ്ങളിൽ ചിലത് മാറ്റിയും പുതിയത് വരച്ച് ചേർത്തുമാണ് രാജൻ ചുമരുകളെ മനോഹരമാക്കുന്നത്.