തൃപ്രയാർ: വലപ്പാട് കോതകുളത്ത് വാടക വീട്ടിൽ നിന്നും 51 ചാക്ക് ഹാൻസ് വലപ്പാട് പൊലീസ് പിടികൂടി. ഹാൻസിന് 1 കോടിയോളം രൂപ വിലവരും. രണ്ട് പേരെ അറസ്റ്റ് ചെയ്തു. എടമുട്ടം വലിയകത്ത് വീട്ടിൽ ദിലീപ് (49), സഹായി തമിഴ്നാട് സ്വദേശി ശെൽവ മണി (29) എന്നിവരാണ് പിടിയിലായത്. ഓരോ ചാക്കിലും 1,500 ഹാൻസ് പാക്കറ്റുകൾ വീതമുള്ളതായി പൊലീസ് പറഞ്ഞു.
കോയമ്പത്തൂരിൽ നിന്നും പച്ചക്കറി കയറ്റിക്കൊണ്ടുവരുന്ന വാഹനങ്ങളിൽ രഹസ്യമായാണ് ഹാൻസ് കൊണ്ടുവന്നത്. ഹാൻസ് മൊത്തവിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ കെ. സുമേഷ്, എസ്.ഐ വി.പി അരിസ്റ്റോട്ടിൽ, എ.എസ്.ഐ ജയൻ, സി.പി.ഒ മാരായ ഉണ്ണിക്കൃഷ്ണൻ, രാഗേഷ്, സുമിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.