തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വികസന രേഖകൾ ജില്ലാ പഞ്ചായത്തിൽ നിന്ന് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. രണ്ട് വലിയ വാഹനങ്ങളിലായാണ് വികസന രേഖകൾ കൊണ്ടു പോകാനൊരുങ്ങിയത്. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാർക്കിടയിലൂടെ ഒരു വാഹനം പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് ഇടത് യൂണിയൻ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി സംഘർഷമുണ്ടായി. സംഭവമറിഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിച്ചു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വാഹനം കളക്ടറേറ്റിലേക്ക് കൊണ്ടുപോയി. കോൺഗ്രസ് നേതാവ് ടി. ശരത് ചന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു, ഭാരവാഹികളായ കിരൺ ഡേവിഡ്, അജയ്, അച്ചു, അജയഘോഷ് രജിത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.