school

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്നും വിദഗ്ദ്ധരുമായി വിശദമായി ചർച്ച ചെയ്ത ശേഷമേ നടപടിയുണ്ടാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പൊതുപരീക്ഷ വഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകൾക്കായി സ്‌കൂളുകളും കോളേജുകളും തുറക്കണമോയെന്ന കാര്യം പരിഗണനയിലുണ്ട്. എന്നാൽ, ചെറിയ ക്ലാസിലെ കുട്ടികൾ ഈ അവസ്ഥയിൽ സ്‌കൂളിൽ പോയി പഠിക്കുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന് സംശയം നിലനിൽക്കുന്നുണ്ട്. രോഗ വ്യാപനത്തിന്റെ തോത് കുറയുമ്പോൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്ന കാര്യത്തിൽ മുൻകരുതൽ സ്വീകരിച്ചുകൊണ്ട് നടപടി സ്വീകരിക്കും. അടുത്തവർഷം ആദ്യം ക്ളാസുകൾ പുനരാരംഭിക്കുന്നതാണ് പരിഗണനയിൽ. ചെറിയ ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഇനിയുള്ള മാസങ്ങൾ കൂടി ഓൺലൈൻ ക്ലാസുകൾ വഴി തന്നെ അദ്ധ്യയനം നടത്തേണ്ടി വന്നേക്കും.