തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമെന്ന കടുത്ത വിമർശനത്തിനിടയാക്കിയ വിവാദ കേരള പൊലീസ് നിയമഭേദഗതി പിൻവലിച്ചു കൊണ്ടുള്ള ഓർഡിനൻസ് (റിപ്പീലിംഗ് ഓർഡിനൻസ്) ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.നിയമഭേദഗതി ഓർഡിനൻസ് നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. പുതിയ റദ്ദാക്കൽ ഓർഡിനൻസ് ഗവർണർ അംഗീകരിക്കുന്നതോടെ, പൊലീസിന് അമിതാധികാരം നൽകുന്ന നിയമഭേദഗതി അസാധുവാകും. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം തടയുന്ന കാര്യത്തിൽ നിയമസഭയിൽ വിശദമായി ചർച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തിയ ശേഷം ഇനി മറ്റൊരു നിയമനിർമ്മാണം മതിയെന്നാണ് സർക്കാർ തീരുമാനം.സംസ്ഥാന മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമാണ് ഒരു ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം അതുതന്നെ റദ്ദാക്കുന്നതിനായി രണ്ട് ദിവസത്തിനകം മറ്റൊരു ഓർഡിനൻസ് കൊണ്ടുവരുന്നത്. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിൽ മൂലനിയമത്തിലെ വർഷം തിരുത്തിക്കൊണ്ടുള്ള തിരുത്തൽ ഭേദഗതി ഓർഡിനൻസ് ഇതേ സർക്കാർ സമീപകാലത്ത് കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിമർശനമുയർന്നതോടെയാണ് പിൻവലിക്കാൻ സർക്കാർ തയ്യാറായത്.ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയാണ് പൊലീസ് നിയമഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് അവതരിപ്പിച്ചത്. നിയമഭേദഗതി ദുരുപയോഗിക്കപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന ആശങ്ക പൊതുസമൂഹത്തിലും, ഇടതുമുന്നണിയിലും നിന്നുൾപ്പെടെ ഉയർന്ന സാഹചര്യത്തിൽ ഇത് പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും ഇതിനെ പിന്തുണച്ചു. കഴിഞ്ഞ മാസം 21ന് ചേർന്ന മന്ത്രിസഭായോഗത്തിലും ആഭ്യന്തര വകുപ്പിന് വേണ്ടി മുഖ്യമന്ത്രിയാണ് വിവാദ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്. മന്ത്രിസഭായോഗത്തിന് പിന്നാലെ സി.പി.ഐ മുഖപത്രം ആശങ്കകളുയർത്തിയെങ്കിലും, സി.പി.ഐയുടെ മന്ത്രിമാർ അന്നത്തെ മന്ത്രിസഭായോഗത്തിൽ അഭിപ്രായമൊന്നും പറഞ്ഞില്ല.നിയമഭേദഗതി റദ്ദാക്കൽ ഓർഡിനൻസ് മാത്രമാണ് ഇന്നലെ മന്ത്രിസഭായോഗം പരിഗണിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് ചേർന്ന മന്ത്രിസഭായോഗം അര മണിക്കൂറിനുള്ളിൽ അവസാനിച്ചു. ബുധനാഴ്ചകളിലെ പതിവ് മന്ത്രിസഭായോഗം ഇന്നലെ ചേരാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.