പാരിപ്പള്ളി: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി മരിച്ചു. കൊല്ലം പനയം കാട്ടുവിള വീട്ടിൽ അനിലിന്റെ ഭാര്യ സരിതയാണ് (30) മരിച്ചത്. കഴിഞ്ഞ 14നാണ് കൊവിഡ് പോസിറ്റീവായ ഗർഭിണിയെ പ്രസവ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. പിന്നീട് ഇവരുടെ പരിശോധനാഫലം നെഗറ്റീവായി. 23നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അണുബാധ മൂലം ഇന്നലെ മരണം സംഭവിച്ചതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. ജനിച്ച ആൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.