d

തിരുവനന്തപുരം : വഞ്ചിയൂർ ശ്രീചിത്രാ പുവർ ഹോമിൽ നിന്നു കാണാതായ ഉത്തരേന്ത്യക്കാരിയായ പതിനേഴുകാരിയെ കണ്ടെത്തിയ ആഷിത് ബാബുവിന് അനുമോദനപത്രം നൽകി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ ആദരിച്ചു. കരകുളം ആറാംകല്ല് സ്വദേശി ആശിത് ബാബുവിനെയാണ് സിറ്റി പൊലീസ് ആദരിച്ചത്. കാണാതായ പെൺകുട്ടിയുടെ ഫോട്ടോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ മാസം 10ന് രാത്രി 8ന് തമ്പാനൂർ പരിസരത്തു വച്ച് അസ്വാഭാവികമായി പെൺകുട്ടിയെ ആശിത് കണ്ടു.തുടർന്ന് സംശയം തോന്നിയ ആശിത് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ച് തിരിച്ചറിഞ്ഞ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കാണാതായതിന് അന്വേഷണത്തിലിരുന്ന പെൺകുട്ടിയാണിതെന്ന് തിരിച്ചറിഞ്ഞു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികാരികളെ ഏൽപ്പിച്ചു. ആദരിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.ആർ.ഗോപിനാഥ് , അസ്സിസ്റ്റന്റ് കമ്മിഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.