salimkumar

തിരുവനന്തപുരം: പുലർച്ചെ കുഴിത്തറിയിലിറങ്ങി മൂന്നു മണിക്കൂർ നെയ്‌ത ശേഷമാണ് എസ്. സലിംകുമാർ വോട്ടുതേടാനിറങ്ങുന്നത്. കല്ലിയൂർ പഞ്ചായത്തിൽ കുഴിതാലിച്ചൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സലിംകുമാർ വീട്ടിലെ തറികളിലാണ് ജീവിതം നെയ്‌തെടുക്കുന്നത്. കുടുംബത്തിന്റെ അന്നം മുടങ്ങാതിരിക്കാനാണ് കുറച്ചുനേരം അദ്ധ്വാനം, പിന്നെ വോട്ട് പിടിത്തം അതാണ് ഇപ്പോഴത്തെ പതിവ്.

കൈത്തറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)​ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗം കൂടിയായ സലിംകുമാർ തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്. വിജയം എളുപ്പമല്ലെന്നറിഞ്ഞുകൊണ്ടു തന്നെയാണ് സലിംകുമാർ മത്സരിക്കാനിറങ്ങിയത്. പാർട്ടിക്ക് കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കുന്നതാണല്ലോ കൂടുതൽ ത്രിൽ! ബി.ജെ.പി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലെ ഈ വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതും അവർ തന്നെ. അതിനു മുമ്പ് ജയിച്ചത് കോൺഗ്രസും.

സിറ്റിംഗ് സീറ്റ് നിലനിറുത്താനാണ് കഴിഞ്ഞ തവണ ജയിച്ച രാജലക്ഷ്മിയെ ബി.ജെ.പി നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസ് സീറ്റിൽ മത്സരിക്കുന്നത് അതിനും മുമ്പ് ഇവിടം പ്രതിനിധീകരിച്ച ടി. ജയനാണ്. കുഴിതാലിച്ചൽ,​ പെരിങ്ങമ്മല വാർഡുകൾ കൈത്തറിമേഖലയാണ്. കുഴിതാലിച്ചലിൽ മാത്രം 350 കൈത്തറി കുടുംബങ്ങളുണ്ട്. ആ വോട്ടുകൾ മുഴുവൻ സമാഹരിക്കാനായാൽ സലിംകുമാറിന് വിജയിക്കാനാകുമെന്നാണ് പ്രദേശിക നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ തൊഴിലാളികളിൽ മൂന്നു രാഷ്ട്രീയ പാർട്ടിയിലും അനുഭാവം പുലർത്തുന്നവരുണ്ട്.

എന്നും ഏഴും എട്ടും മണിക്കൂർ നെയ്യുന്ന ശീലമാണ് സലിംകുമാറിന്. 150 മീറ്റർ നെയ്യാനുള്ള നൂലാണ് സർക്കാർ നൽകുന്നത്. ഭാര്യ സജിതയും നെയ്‌ത്തിൽ സഹായിക്കും. പാരമ്പര്യമായി കിട്ടിയ തൊഴിലാണ്. അച്ഛൻ ശിവതാണു പണിക്കരും കൈത്തറി തൊഴിലാളിയായിരുന്നു. മൂത്തമൻ ഗോകുൽ കൃഷ്ണ കാട്ടാക്കട ക്രിസ്ത്യൻകോളേജിൽ ഡിഗ്രി വിദ്യാർത്ഥി. ഇളയവൻ കൃഷ്ണ വർദ്ധൻ പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയും.