perinjamkonam-kulam

 മാലിന്യവും പായലും മൂടി നാശത്തിന്റെ വക്കിൽ

കല്ലമ്പലം: ഒറ്റൂ‌ർ പഞ്ചായത്തിന്റെ ഏലാകളുടെ തലക്കുളങ്ങൾ സംരക്ഷണത്തിനായി കേഴുന്നു. ഒരുകാലത്ത് ഒറ്റൂരിലെ നെൽപ്പാടങ്ങളുടെ ശക്തിയായിരുന്ന തലക്കുളങ്ങളാണ് ഇന്ന് പായലും മാലിന്യവും മൂടി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.

ഏലായുടെ തുടക്കത്തിലും മറ്റും ഉയർന്ന ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന തലക്കുളങ്ങളിൽ നിന്നായിരുന്നു പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നത്. നീന്തൽ പഠിക്കുന്നതിനും മീൻ വളർത്താനും ഉൾപ്പെടെ ഉപയോഗിക്കാവുന്ന കുളങ്ങളാണ് ഇവ. എന്നാൽ പ്രദേശവാസികൾക്ക് മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളായി തലക്കുളങ്ങൾ മാറി.

പഞ്ചായത്തിൽ നെൽക്കൃഷി വീണ്ടും ശക്തമായതോടെ തരിശുകിടന്ന പാടങ്ങളിലെല്ലാം കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൃഷിയിറക്കി. ഒന്നാംവിളയ്ക്ക് മികച്ച വിളവും ലഭിച്ചു. കുളങ്ങൾ സംരക്ഷിച്ച് വയലുകളിലേക്ക് വെള്ളമെത്തിക്കാനായാൽ ഒറ്റൂരിന്റെ പഴയ കാർഷിക പ്രതാപവും വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

 ഇടപെടൽ കാര്യക്ഷമമായില്ല

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചില കുളങ്ങൾ സംരക്ഷിക്കാൻ നടപടിയെടുത്തതാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആകെയുള്ള ഇടപെടൽ. കുളങ്ങളുടെ സംരക്ഷണാർത്ഥം ഉപാധികളോടെ ചിലത് മീൻ വളർത്താൻ സ്വകാര്യവ്യക്തികൾക്ക് വിട്ടുനൽകിയെങ്കിലും ഫലവത്തായില്ല. കുളങ്ങളെയും പൊതുകിണറുകളെയും കേന്ദ്രീകരിച്ച് ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിച്ചെങ്കിലും പലതും പ്രവർത്തനക്ഷമമല്ല നിലവിൽ.

 ഒറ്റൂരിലാകെ 16 തലക്കുളങ്ങൾ

 നിലവിലെ അവസ്ഥ

കിഴാംബ, മാമ്പഴക്കോണം, കാട്ടുചിറ, മഠത്തുവിളാകം, നമ്പ്യാർകോണം, പെരിഞ്ഞാംകോണം, ചിറവിളാകം എന്നീ കുളങ്ങളെല്ലാം ഇപ്പോൾ പായൽമൂടി കിടക്കുകയാണ്. പലതിന്റെയും സംരക്ഷണഭിത്തികളും തകർന്നിട്ടുണ്ട്.

 കടുത്ത വേനലിൽ പോലും വെള്ളം വറ്റാത്ത ഒറ്റൂർ പഞ്ചായത്തിലെ മുഴുവൻ കുളങ്ങളും സംരക്ഷിക്കണം. നീന്തൽ പഠിക്കുന്നതിനും മീൻ വളർത്തുന്നതിനും നെൽക്കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനും കുളങ്ങളെ സംരക്ഷിച്ചുനിറുത്തണം.

എസ്. പ്രതീഷ്

പൊതുപ്രവർത്തകൻ, ചേന്നൻകോട്