കല്ലമ്പലം: ശാരീരിക വൈകല്യങ്ങൾ മറന്ന് മുഴുവൻ സമയവും പൊതുപ്രവർത്തന രംഗത്തുള്ള ദീപയ്ക്ക് രാഷ്ട്രീയം തമാശയല്ല. ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുകയും പരിഹാരം കാണുകയും അവരെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നതാണ് ദീപയുടെ പതിവ്. ഒന്നര വയസിൽ ചികിത്സാപ്പിഴവിലൂടെയാണ് ഇവരുടെ വലതു കൈപ്പത്തി നഷ്ടമായത്. എന്നാൽ ഇതൊന്നും ദീപയിലെ പോരാളിയെ തളർത്തിയില്ല. നാവായിക്കുളം ജില്ലാ ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇവർ 2015 ലെ തിരഞ്ഞെടുപ്പിൽ നാവായിക്കുളം പഞ്ചായത്തിലെ 13-ാം വാർഡിൽ നിന്ന് വിജയിച്ചിരുന്നു. നാലു വർഷം സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. അതിനിടെയാണ് പൊതു പ്രവർത്തനരംഗത്ത് എത്തുന്നത്. കഴിഞ്ഞ വിജയത്തിന്റെ കരുത്തിലാണ് ഇക്കുറിയും തിരഞ്ഞെടുപ്പിന് നേരിടുന്നത്. കശുഅണ്ടി തൊഴിലാളികളും കർഷകരും തിങ്ങിപ്പാർക്കുന്ന ഡിവിഷനിൽ സാധാരണക്കാർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതാണ് തന്റെ ജീവിത ലക്ഷ്യമെന്നും ദീപ പറയുന്നു.