school

പാപ്പിനിശ്ശേരി: സംസ്ഥാനത്തെ സ്കൂളുകളെയെല്ലാം സർക്കാർ ഹൈടെക്ക് ആക്കുമ്പോഴും പ്രതീക്ഷയറ്റ് കിടക്കുകയാണ് പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽ.പി സ്‌ക്കൂൾ. ജീർണിച്ച കെട്ടിടവും അടച്ചുറപ്പില്ലാത്ത ഹാളുകളുമാണ് ഈ വിദ്യാലയ മുത്തശ്ശിയുടെ ഇപ്പോഴത്തെ മുഖം.

നല്ലൊരു ക്ലാസ് മുറി പോലും ഇല്ലാതെ ശതാഭിഷേകം നടത്തിയ ദൈന്യതയും കണ്ടു ഈ പൊതു വിദ്യാലയം. 1907 ലാണ് പാപ്പാനിശ്ശേരി കാട്ടിലേപള്ളിക്ക് സമീപം വിദ്യാലയം സ്ഥാപിച്ചത്. ദുർബല വിഭാഗങ്ങൾ തിങ്ങിപാർക്കുന്ന മേഖലയായതിനാൽ എഴുത്ത് പള്ളിക്കൂടമായി പിറവിയെടുത്തതാണ് ഈ വിദ്യാകേന്ദ്രം. വാടക കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം 113 വർഷം പിന്നിടുമ്പോഴും അതേ അവസ്ഥയിൽ കഴിയുന്നത് പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കളങ്കമാകുന്നു. നിലവിൽ പാപ്പിനിശ്ശേരി മഹല്ല് ഹിദായത്ത് ഇസ്ലാം കമ്മിറ്റിയുടെ കീഴിലാണ് സ്‌കൂൾ കെട്ടിടമുള്ളത്.
അഞ്ചായിരത്തിലധികം പേർ ഈ വിദ്യാലയത്തിൽ നിന്നും അക്ഷരത്തിന്റെ മധുരം നുകർന്ന് നിരവധി മേഖലകളിൽ എത്തിയിട്ടുണ്ട്. അങ്കണവാടി ഉൾപ്പെടെ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന് സമീപത്തെ വിദ്യാലയം കൂടിയാണിത്.

നാല് പതിറ്റാണ്ടിനിടെ വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ അദ്ധ്യാപക രക്ഷാകർതൃ സമിതികൾ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. 2013ൽ പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കാൻ താത്പ്പര്യപ്പെടുന്നവരും നാട്ടുകാരും ചേർന്ന് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വാടക കെട്ടിടമായതിനാൽ സർക്കാർ സഹായമോ തദ്ദേശ സ്ഥാപനങ്ങളുടെ സഹായമോ ലഭിക്കാത്ത അവസ്ഥയിൽ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ അടക്കം സമിതിയാണ് നടത്തിയത്. കെ.പി. കാദർക്കുട്ടി പ്രസിഡന്റും സ്‌ക്കൂൾ പ്രഥമഅദ്ധ്യാപിക പി. സോന കൺവീനും പി.വി. രാഘവൻ ട്രഷറുമായുള്ള സ്‌ക്കൂൾ വികസന കമ്മിറ്റിയാണ് ഇപ്പോഴും സ്‌ക്കൂൾ കെട്ടിടത്തിനുള്ള അത്യാവശ്യം അറ്റകുറ്റ പണികൾ നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ്, സ്ഥലം എം.പി, എം.എൽ.എ, ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഓഫീസർമാർ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് തുടങ്ങി മുട്ടേണ്ട എല്ലാ വാതിലുകളും സമിതി നിരന്തരം മുട്ടിയിട്ടും അവസ്ഥ ഇപ്പോഴും പരിതാപകരം തന്നെ. ഒരു വർഷം മുൻപ് സ്വകാര്യ വ്യക്തി സമീപത്ത് 20 സെന്റ് സ്ഥലം സംഭാവന ചെയ്യാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി.