കേരളത്തിലും കേന്ദ്രത്തിലും മുൻപന്തിയിൽ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചേരേണ്ട ഈഴവ സമുദായത്തെ രാഷ്ട്രീയ പാർട്ടികളും ജാതി -മത സ്ഥാപിത വർഗങ്ങളും നുണപ്രചാരണങ്ങളും ഇല്ലാകഥകളും ഉണ്ടാക്കിയും പലത്തട്ടിലാക്കി, തമ്മിലടിപ്പിച്ചും, കോടതികളിൽ കയറ്റിയും അധികാര ശ്രേണികളിൽ നിന്നും പുറംതള്ളി നിറുത്തുന്ന പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഈ എളിയ വേളയിലെങ്കിലും ഈഴവ സമുദായം രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകവും പാദസേവകരുമാകാതെ സംഘടിച്ച് മറ്റ് സമുദായങ്ങളെ പോലെ നമ്മൾ അർഹിക്കുന്ന അധികാരത്തിൽ എത്തിച്ചേരുന്നതിന് പ്രചോദനം നൽകുന്ന തരത്തിൽ ഈഴവ സമുദായത്തിന്റെ ദയനീയ സ്ഥിതിവിശേഷം സത്യസന്ധമായി വളച്ചുകെട്ടില്ലാതെയും, മറ്റ് അനേകം വാർത്തകൾ നേരാംവഴി പ്രസിദ്ധീകരിച്ച് ജനങ്ങളെ ബോധവത്കരണം ചെയ്യുന്ന കേരളകൗമുദിയേയും അതിന്റെ പ്രവർത്തകരേയും ആകാശം മുട്ടെ പ്രകീർത്തിച്ചാലും മതിവരുകയില്ല. ഭേദചിന്തയില്ലാതെ ഗുരുധർമ്മ പ്രചാരകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനം കൂടി ഇതോടൊപ്പം കൂട്ടിവായിക്കുക.
എസ്. സുകുമാരൻ, ഓച്ചിറ
വോട്ട്ബഹിഷ്കരണം കഥയില്ലായ്മ
തിരഞ്ഞെടുപ്പ് അടുത്തതോടെ നടപ്പിലായിട്ടില്ലാത്ത വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി വോട്ടുചെയ്യാൻ പോവില്ലെന്ന ഭീഷണി പതിവുപോലെ പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ ഇങ്ങനെയൊരു ഭീഷണി പ്രയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും വോട്ടുചെയ്യാതിരിക്കുന്നത് ഒരു കഥയില്ലായ്മയാണ്. എന്തുകൊണ്ടാന്നാൽ നിങ്ങൾ വോട്ടു ചെയ്തില്ലെങ്കിലും വേറെ ആരെങ്കിലുമൊക്കെ വോട്ടു ചെയ്യുമല്ലൊ? അതിൽ ഭൂരിപക്ഷം കിട്ടുന്നവർ വിജയിക്കുകയും ചെയ്യും. ഫലത്തിൽ നിങ്ങൾ കഥയില്ലാത്ത വെറും നോക്കുകുത്തിയായി മാറുന്നു എന്നുതന്നെ. അതുകൊണ്ട് വോട്ട് ബഹിഷ്കരണം ഒരു അബദ്ധമാണ്.
വക്കം സുകുമാരൻ
വിദ്യാഭ്യാസ രംഗത്തെ നേട്ടം
നാലര വർഷത്തെ ഭരണത്തിലൂടെ എല്ലാ മേഖലകളിലും അസൂയാർഹമായ നേട്ടം കൈവരിക്കാൻ ഇടതുപക്ഷ സർക്കാരിനു കഴിഞ്ഞു. ഏറ്റവും പ്രധാനം പൊതുവിദ്യാലയങ്ങളിലുണ്ടായ പുരോഗതിയാണ്.
കുട്ടികളുടെ കുറവ് മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന പൊതുവിദ്യാലയങ്ങൾ നിരവധിയുണ്ടായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. പൂന്തോട്ടമുള്ള, കൃഷിയിടമുള്ള ഭൗതിക സൗകര്യങ്ങളെല്ലാമുള്ള മാതൃകാ വിദ്യാലയങ്ങൾ എല്ലായിടത്തുമുണ്ട്. സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്. മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ പരിഷ്കാരങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ സമൂലം ഉടച്ചുവാർക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു.
ബാബുസേനൻ അരീക്കര
ചെങ്ങന്നൂർ
ശാരീരിക അകലം
നിറകതിർ പംക്തിയിൽ കെ. ജയകുമാർ 'സാമൂഹിക അകല"ത്തിനു പകരം 'ശാരീരിക അകലം" എന്ന ഭാഷാപ്രയോഗം നിർദ്ദേശിച്ചപ്പോൾ വളരെ സംതൃപ്തി തോന്നി; അഭിമാനവും. 'സാമൂഹിക അകലം പാലിക്കൽ" അരോചക പദപ്രയോഗമായി തോന്നിയിരുന്നു. ഇപ്പോഴിതാ കവി കൂടിയായ കെ. ജയകുമാർ അർത്ഥശങ്ക ഒഴിവാക്കുന്ന ഔചിത്യപൂർണമായ തിരുത്തൽ നിർദ്ദേശിച്ചിരിക്കുന്നു.
സി. ചെല്ലപ്പൻ, ചമ്പക്കര