തിരുവനന്തപുരം: സോണിയാഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയ ലീഡർ കെ. കരുണാകരനെ അനുമതി നൽകാതെ തിരിച്ചയയ്ക്കാൻ ധൈര്യം കാട്ടിയ നേതാവാണ് അഹമ്മദ് പട്ടേൽ.
ഗ്രൂപ്പ് പോരിൽ കോൺഗ്രസ് ആടിയുലഞ്ഞ 2005 ലാണ് എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയെ കാണാൻ കരുണാകരൻ ഡൽഹിയിലെത്തിയത്. സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ അഹമ്മദ് പട്ടേൽ വിചാരിച്ചാലേ അനുമതി കിട്ടുകയുള്ളൂ. പട്ടേൽ അനുമതി നൽകിയില്ല. അത് അന്ന് വലിയ ചർച്ചയായിരുന്നു.
മാസങ്ങൾ കഴിഞ്ഞ് എ.കെ.ആന്റണി ഒഴിഞ്ഞപ്പോൾ പുതിയ മുഖ്യമന്ത്രിയെ നിർണയിക്കാൻ തിരുവനന്തപുരത്ത് എത്തിയതും അഹമ്മദ് പട്ടേലായിരുന്നു. ഓരോ എം.എൽ.എയെയും പ്രത്യേകം കണ്ട് അഭിപ്രായമാരാഞ്ഞു. കരുണാകര പക്ഷത്തെ 9 എം.എൽ.എമാർ വക്കം പുരുഷോത്തമനെ നിർദ്ദേശിച്ചു. പട്ടേൽ അത് കേട്ടഭാവം നടിച്ചില്ലെന്ന് ഒരു കരുണാകരപക്ഷ നേതാവ് ഓർമ്മിക്കുന്നു. ഭൂരിപക്ഷംപേരും ഉമ്മൻചാണ്ടിയെയാണ് നിർദ്ദേശിച്ചത്. പട്ടേൽ അവസാനമായി തിരുവനന്തപുരത്ത് എത്തിയതും അന്നായിരുന്നു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരിക്കേ, ഗവർണർമാരെ നിശ്ചയിക്കുന്നതിലും പട്ടേലിന് പങ്കുണ്ടായിരുന്നു. വക്കം പുരുഷോത്തമൻ രണ്ട് പ്രാവശ്യം ഗവർണറായതും പട്ടേലിന്റെ നിർദ്ദേശത്താലാണ്.
തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകിയിരുന്നതും പട്ടേലിന്റെ കൈകളിലൂടെയായിരുന്നു.