മുടപുരം: തലയ്ക്കുമീതെ അപകട ഭീഷണിയുമായി അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ സ്ഥിതിചെയ്തിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അപകടമോ ആളപായമോ ഉണ്ടായില്ല. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന ഈ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 7 ന് " അപകടക്കെണി ഒരുക്കി കാത്തിരുപ്പ് കേന്ദ്രം " എന്ന പേരിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തെ തന്നെ ശോച്യാവസ്ഥയിലായിരുന്ന കാത്തിരുപ്പുകേന്ദ്രത്തിൽ ഒരു മാസം മുൻപ് മുതലപ്പൊഴിയിലേക്ക് കരിങ്കല്ലുമായി പോയ ലോറി ഇടിച്ചു. ഇതോടെ മേൽക്കൂരയെ താങ്ങിനിറുത്തുന്ന മെറ്റൽ തൂണുകളും നിലംപൊത്താവുന്ന നിലയിലായിരുന്നു.
2008ൽ നിർമ്മിച്ച ഈ കാത്തിരിപ്പ് കേന്ദ്രം ഒരു വർഷം മുൻപും കെ.എസ്.ആർ.ടി.സി ബസിടിച്ച് ഭാഗികമായി തകർന്നിരുന്നു. ഇനിയൊരു അപകടമുണ്ടാകുന്നതുവരെ കാത്തിരിക്കാതെ അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെ വന്നതിനാലാണ് ഇപ്പോൾ തകർന്ന് വീണത്.