നോട്ടീസ് രണ്ടാം തവണ
തിരുവനന്തപുരം: സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി- കള്ളപ്പണ ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകി.
ഇത് രണ്ടാംവട്ടമാണ് നോട്ടീസ് നൽകുന്നത്. കൊവിഡ് ബാധിതനായതിനാൽ നേരത്തേ ഹാജരായിരുന്നില്ല. രവീന്ദ്രനിൽ നിന്ന് ഉന്നതരുടെ വഴിവിട്ട ഇടപെടലുകൾക്ക് തെളിവ് കിട്ടുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ.
നയതന്ത്രബാഗിന്റെ മറവിൽ സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്. ശിവശങ്കറുമായി അടുപ്പമുള്ള മറ്റു ചിലരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൊരാൾ ടോറസ് ഡൗൺടൗൺ പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചതും പിന്നാലെ കസ്റ്റംസ് അദ്ദേഹത്തെ സ്വർണക്കടത്തിൽ പ്രതിയാക്കിയതും. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെക്കൂടി ചോദ്യംചെയ്യാനും ഇ.ഡി നീക്കം തുടങ്ങിയിട്ടുണ്ട്.
ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടി. കെ-ഫോൺ അടക്കമുള്ള പദ്ധതികളിൽ വഴിവിട്ട ഇടപെടലുണ്ടായി. ഐ.ടി പദ്ധതികളിൽ മലബാറിലെ ഐടി കമ്പനിക്ക് വഴിവിട്ട സഹായം നൽകി. ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിലെത്തിയപ്പോൾ പലതവണ രവീന്ദ്രനെയും കണ്ടെന്നും സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ രവീന്ദ്രൻ പങ്കെടുത്തെന്നും ഇ.ഡി പറയുന്നു.
ഇ.ഡി കണ്ടെത്തിയ രവീന്ദ്രൻ ബന്ധം
വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും ഷോപ്പിംഗ് മാളുകളിലും ഉൾപ്പെടെ ബിനാമി നിക്ഷേപം
ബിനാമികളെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടി. മൊബൈൽ ഫോൺ വിപണന ഏജൻസി രവീന്ദ്രന്റെ ബിനാമി ഇടപാട്
പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണത്തിന് കാർ ഷോറൂം ഉടമയ്ക്ക് കരാർ ലഭിച്ചതിലും രവീന്ദ്രന് പങ്ക്
സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ
തിരുവനന്തപുരം: വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചു. കൊവിഡാനന്തര പ്രശ്നങ്ങൾമൂലമുള്ള ചികിത്സ എന്നാണ് വിശദീകരണം. കൊവിഡ് ബാധിതനായ രവീന്ദ്രൻ ഫലം നെഗറ്റീവായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയത്.