കിളിമാനൂർ: ടാക്സ് പ്രാക്ടീഷണറായിരുന്ന കെ.വി. ഗിരിക്ക് രാഷ്ട്രീയത്തിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുണ്ട്. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് വരെ എത്തി. അതിനിടെ നാട്ടിൽ അനുയായികൾ കുറവാണെങ്കിലുംം യു.ഡി.എഫിലെ ഘടകകക്ഷിയായിരുന്ന കേരളാ കോൺഗ്രസ് (ബി) യിലേക്ക് ചേക്കേറി.

കേരളാ കോൺസ് (ബി) എൽ.ഡി.എഫിലേക്ക് മാറിയപ്പോൾ ഗിരി കേരളാ കോൺഗ്രസ് അനൂപ് ഗ്രൂപ്പിലേക്ക് കൂടുമാറി. ഇതോടെ പാർട്ടിയിൽ സ്ഥാനങ്ങൾ ലഭിച്ചുതുടങ്ങി. അങ്ങനെ പാർട്ടിയുടെ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് അനുവദിച്ച ഏക സീറ്റിന് ഗിരിക്ക് നറുക്ക് വീണു. ഇതനുസരിച്ച് കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ചൂട്ടയിൽ വാർഡിൽ ഗിരി നോമിനേഷൻ നൽകിയെങ്കിലും കോൺഗ്രസ് അവിടെ സ്വന്തം സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ നിറുത്തിയതോടെ ഗിരി വെട്ടിലായി. ഇപ്പോൾ ഫുട്ബാൾ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുകയാണ് കഥാനായകൻ. സി.പി.എമ്മിലെ ജോഷിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. അനീഷാണ് ബി.ജെ.പി സ്ഥാനാർത്ഥി. അഡ്വ. സുരേഷാണ് മറ്റൊരു സ്വതന്ത്രൻ.