ramesh

അഹമ്മദ് പട്ടേലിന്റെ നിര്യാണത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു ധിഷണാശാലികൂടി കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു. ഞാൻ എൻ. എസ്. യു പ്രസിഡന്റായി ഡൽഹിയിൽ എത്തിയകാലം മുതൽ തുടങ്ങിയ അടുപ്പം അദ്ദേഹത്തിന്റെ അവസാന നാളുകൾ വരെ തുടർന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നിൽ സൃഷ്ടിക്കുന്നത് വലിയൊരു ശൂന്യതയും നഷ്ടബോധവുമാണ്. പ്രായോഗിക രാഷ്ട്രീയത്തിൽ രൂപപ്പെട്ടവരുന്ന സങ്കീർണ്ണതകളെ ഇഴപിരിക്കാനും പരിഹാരം കണാനും കഴിയുന്നവരെയാണ് രാഷ്ട്രീയത്തിലെ ധിഷണാശാലികൾ എന്ന് വിളിക്കുന്നത്. ആ വിശേഷണത്തിന് അദ്ദേഹം തികച്ചും അർഹനാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. പീന്നീട് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ രണ്ട് യു. പി. എ സർക്കാരുകളുടെ പ്രവർത്തനത്തിൽ ചാലക ശക്തിയായി പ്രവർത്തിച്ചു. കോൺഗ്രസ് മന്ത്രിസഭകളിൽ കാബിനറ്റ് റാങ്കുള്ള പദവികൾ അദ്ദേഹത്തിന് നിഷ്പ്രയാസം ലഭിക്കുമായിരുന്നു. എന്നാൽ അദ്ദേഹം വിലമതിച്ചത് കോൺഗ്രസ് സംവിധാനത്തെ ചൈതന്യവത്താക്കുന്ന പ്രവർത്തനത്തിൽ ശ്രദ്ധിക്കുന്നതിലായിരുന്നു. യു. പി. എ സംവിധാനത്തിൽ ഘടകക്ഷികളെ ഒരുമിപ്പിച്ച് നിർത്തുന്നതിൽ, മുന്നണിയുടെ ചെയർപേഴ്സണായിരുന്ന സോണിയാഗാന്ധിക്ക് വലിയ പിന്തുണയാണ് അദ്ദേഹം നൽകിയിരുന്നത്. ജി. കെ. മൂപ്പനാർ എ. ഐ. സി. സി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജോയിന്റ് സെക്രട്ടറിയായാണ് അഹമ്മദ് പട്ടേൽ പ്രവർത്തിച്ചിരുന്നത്. പിന്നണിയിൽ നിന്ന് പ്രവർത്തിച്ച് പാർട്ടിയെ കരുത്തുറ്റതാക്കുക എന്ന മൂപ്പനാരുടെ ശൈലിയാണ് അഹമ്മദ് പട്ടേലും പിന്തുടർന്നത്. രാത്രി ഒരു മണിവരെ ജോലി ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. പലപ്പോഴും രാത്രി പന്ത്രണ്ട് മണിക്ക് ശേഷമായിരിക്കും അദ്ദേഹത്തിന്റെ ഫോൺ കാൾ വരുന്നത്. എത്ര പ്രക്ഷുബ്ധമായ കാര്യമാണെങ്കിലും സൗമ്യത കൈവിടാതെയാണ് സംസാരിക്കുക. കേരളത്തിന്റെ ചുമതലയുള്ള എ. ഐ. സി. സി ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ച കാലത്ത് യു.ഡി.എഫിലെ ഘടക കക്ഷികളെ ഉൾപ്പെടെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിലും വലിയ പങ്ക് വഹിച്ചു. അഹമ്മദ് പട്ടേലിന്റെ നിര്യാണം കോൺഗ്രസിനും ഇന്ത്യയിലെ മറ്റു മതേതര പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. അദ്ദേഹം കാത്തുസൂക്ഷിച്ച ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളും പ്രവർത്തന രീതിയും ഇനിയുള്ള പ്രയാണത്തിൽ നമുക്ക് കരുത്തായിരിക്കും.